കുടുംബ ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കും വേണ്ടി വള്ളസദ്യ വഴിപാടായി സമർപ്പിച്ച് ദിലീപ്

അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമർപ്പിച്ച് ചലച്ചിത്ര താരം ദിലീപ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ ഉമയാറ്റുകര പള്ളിയോടത്തിനാണ് ഭക്ത്യാദരപൂർവ്വം സദ്യ വിളമ്പിയത്. ഗോപാലകൃഷ്ണൻ, പത്മസരോവരം, ദേശം, ആലുവ എന്ന വിലാസത്തിലാണ് വള്ളസദ്യ ബുക്ക് ചെയ്തിരുന്നത്. അതിനാൽ നടൻ വരുന്നത് അധികമാരും അറിഞ്ഞില്ല. 2154-ാം നന്പർ ഉമയാറ്റുകര എൻ.എസ്.എസ്. കരയോഗത്തിൻറെ നേതൃത്വത്തിലുള്ള ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു വള്ളസദ്യ.

ദിലീപ് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തി ആചാരപരമായി പറ സമർപ്പിച്ച് മാലസ്വീകരിച്ചു. 11.30-ന് പള്ളിയോടത്തിൽ കരനാഥൻമാരെ വെറ്റില പുകയില നൽകി സ്വീകരിച്ചു. തുടർന്ന് വള്ളത്തിൽ കയറി ക്ഷേത്രക്കടവിലെത്തി. ക്ഷേത്രക്കടവുമുതൽ കൊടിമരച്ചുവട് വരെ അനുഗമിച്ച് വള്ളപ്പാട്ട് ഏറ്റുപാടി. വള്ളക്കാർക്കൊപ്പം ഊട്ടുപുരയിലെത്തി വിഭവങ്ങൾ ആസ്വദിച്ചു. മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി ദക്ഷിണകൊടുത്തു.

വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. റാഫി ആയിരുന്നു ചിത്രത്തിൻറെ സംവിധാനം. ഒരിടവേളയ്ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിന് വൻ പ്രേക്ഷക പ്രശംസയാണ് നേടാനായത്.
ദിലീപിനൊപ്പം ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു. ജൂലൈ 28 റിലീസ് ചെയ്ത ചിത്രം ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒടിടിയിൽ സ്ട്രീം ചെയ്തിരുന്നു.