എസ്‌എഫ്‌ഐയിലുള്ളത് കുറേ കിഴങ്ങന്മാർ, സുരേഷ് ​ഗോപി തൃശൂരിൽ വിജയിക്കും- ദേവൻ

പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്‌എഫ്‌ഐക്കാരെന്ന് ദേവൻ. ബിജെപി ഉപാധ്യക്ഷനായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. ഗവർണർക്കെതിരെ എസ്‌എഫ്‌ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിലാണ് പ്രതികരണം. ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാൽ തെരുവ് യുദ്ധം നടക്കും. എസ്‌എഫ്‌ഐയിലുള്ള കുറേ കിഴങ്ങൻമാരാണെന്നും ദേവൻ പറഞ്ഞു.

ബിജെപി വിട്ട സിനിമാ പ്രവർത്തകരായ ഭീമൻ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ദേവൻ പറഞ്ഞു. ഗ്ലാമറിന്റെ പേരിൽ ബിജെപിയിൽ വന്നവരാണ് ഇരുവരും. മറിച്ച്‌ രാഷ്ട്രീയത്തിന്റെ പേരിൽ അല്ലെന്നും ദേവൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ പറഞ്ഞു.

2004 ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.