കളം നിറഞ്ഞിറങ്ങി ധര്‍മ്മജന്‍, സാധ്യത ബാലുശ്ശേരി തന്നെ

ബാലുശ്ശേരി: യു.ഡി.എഫിന് ബാലികേറാമലയായ ബാലുശ്ശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്. സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തന്നെ ഇറക്കുമെന്ന് ഉറപ്പായി. ഇതിനോടകം തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പൊതു പരിപാടികളില്‍ ധര്‍മ്മജന്‍ പങ്കെടുത്തിരുന്നെങ്കിലും ഇന്നലെയാണ് രാഷ്ട്രീയ പരിപാടിയില്‍ നേരിട്ടെത്തിയത്. കോണ്‍ഗ്രസ് 96ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനോജ് കുന്നോത്തിന്റെ 48 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് ധര്‍മ്മജനായിരുന്നു.

ബാലുശ്ശേരിയില്‍ മത്സര രംഗത്ത് ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഞാന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തില്‍ മത്സരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പല സിനിമാ താരങ്ങളും രാഷ്ട്രീയ നിലപാട് വ്യക്തമാക്കാറില്ലെങ്കിലും ഞാന്‍ പറയും എന്നും അദ്ദേഹം പറഞ്ഞു. ഇത് ഇടതു മുന്നണിക്ക് വേരുറപ്പുള്ള മണ്ഡലമാണെന്ന ചോദ്യത്തിന് തോല്‍വിയും വിജയവും ഒരു പ്രശ്നമല്ലെന്നും പാര്‍ട്ടി പറയുന്നിടത്ത് മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരിയില്‍ ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ടേമുകളില്‍ ഇവിടെ പുരുഷന്‍ കടലുണ്ടി എം.എല്‍.എയാണ് വിജയിച്ചത്. കഴിഞ്ഞ 15,000 ലധികം വോട്ടിന്റെ ഭൂരിപക്ഷവും അദ്ദേഹം നേടിയിരുന്നു. സംവരണ മണ്ഡലമാകുന്നതിന് മുമ്ബ് എന്‍.സി.പി.യാണ് ഇവിടെ മത്സരിച്ചിരുന്നത്. ഒരു ടേം മന്ത്രി എ.കെ. ശശീന്ദ്രനും അതിനു മുമ്ബ് എ.സി.ഷണ്‍മുഖദാസും തുടര്‍ച്ചയായി വിജയിച്ച മണ്ഡലമായിരുന്നു.സംവരണ മണ്ഡലമായതോടെ ഈ സീറ്റ് എന്‍.സി.പി.യില്‍ നിന്ന് സി.പി.എം. ഏറ്റെടുക്കുകയായിരുന്നു. ബാലി തപം ചെയ്ത മണ്ണില്‍ ഇത്തവണ താരപരിവേഷമുണ്ടാകുമോ ?എന്ന ചോദ്യം ഇപ്പോഴും ബാക്കിയായി നില്ക്കുകയാണ്.