ഇതാണോ സൗന്ദര്യ രഹസ്യമെന്ന് ചോദ്യം, മറുപടി നല്‍കി രശ്മി സോമന്‍

സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനിലെ സ്ഥിരം സാന്നിധ്യമായിരുന്നു രശ്മി. എന്നാല്‍ ഇടക്കാലം കൊണ്ട് സീരിയലില്‍ നിന്നും രശ്മി അപ്രത്യക്ഷമായിരുന്നു. പിന്നീട് അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അജു ഗുരുവായൂര്‍ എന്ന സുഹൃത്തിനൊപ്പം ഉള്ള ചിത്രമായിരുന്നു രശ്മി സോമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരുപാട് കാലത്തിന് ശേഷം ചങ്കിനെ കണ്ടുമുട്ടി എന്ന കുറിപ്പോടെ ആയിരുന്നു നടി ചിത്രം പങ്കുവെച്ചത്. ഒരു വൈദ്യ ശാലയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ചിത്രം. ഇതോടെ ചിലര്‍ കമന്റുകളുമായി എത്തി. കഷായം കുടിച്ചിട്ടാണോ സൗന്ദര്യം ഉണ്ടായത് എന്നാണ് പലരുടെയും ചോദ്യം. ഇതിന് താരം മറുപടി നല്‍കുകയും ചെയ്തു. ”ശ്ശൊ, കണ്ടുപിടിച്ചുകളഞ്ഞു.. അല്ലെ” എന്നായിരുന്നു രശ്മി നല്‍കിയ മറുപടി.
നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ പരമ്പരകളില്‍ താരം അഭിനയിച്ചിരുന്നു. തിരിച്ചുവരവിലും നടിയെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.. കാര്‍ത്തികദീപം എന്ന പരമ്പരയില്‍ ദേവനന്ദ എന്ന ശക്തമായ കഥാപാത്രത്തെയാണ് രശ്മി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.