ഉത്തര ഉണ്ണിയുടെ വിവാഹത്തില്‍ താരത്തിളക്കമായി ദലീപും കാവ്യയും, ബിജു മേനോനും സംയുക്ത വര്‍മ്മയും

നടി ഉത്തര ഉണ്ണിയുടെ വിവാഹത്തില്‍ താരത്തിളക്കമായി മലയാളത്തിന്റെ പ്രിയ നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും, ബിജു മേനോനും ഭാര്യ സംയുക്ത വര്‍മ്മയും. വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹല്‍ദി ചടങ്ങുകളില്‍ നടന്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഫാന്‍സ് പേജുകളിലാണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സംയുക്തയുടെ ബന്ധു കൂടിയായ നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

1988ല്‍ ജി അരവിന്ദന്‍ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് അഭിനയത്തിലേക്കെത്തിയ നടിയാണ് ഊര്‍മ്മിള ഉണ്ണി. മകള്‍ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്. സര്‍ഗം എന്ന സിനിമയിലെ അമ്മവേഷമാണ് ഊര്‍മിള ഉണ്ണിയെ പ്രശസ്തയാക്കിയത്. സിനിമകള്‍ക്ക് പുറമേ , മലയാളം ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊര്‍മിള ഉണ്ണി.

അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഒപ്പം ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ എന്ന നിലയിലും, ഭരതനാട്യം നര്‍ത്തകിയായ ഉത്തര ‘വവ്വാല്‍ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.