നമ്മൾ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് മക്കളെ ഉപദേശിക്കാനുള്ള വോയ്‌സില്ല- ദിലീപ്

സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ നടനാവുക എന്ന സ്വപ്‌നവും ഉള്ളിൽ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു.

രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. ഇപ്പോൾ ഇതിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരം. ഇതിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മക്കളെ കുറിച്ച് ദിലീപും, ചെന്നൈയിലേയ്ക്ക് പോയ ശേഷം ദിലീപിനുണ്ടായ മാറ്റത്തെ കുറിച്ച് സംവിധായകൻ അരുൺ ഗോപിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിലീപ്.

‘അങ്ങനെ ചിന്തിക്കാൻ കഴിയില്ലല്ലോ, അവർക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാൽ മനസിലാകുന്നവരാണ്. അവരെ ഒരു കാര്യത്തിലും പ്രഷർ ചെയ്യാൻ സാധിക്കില്ല. അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മൾ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്‌സില്ല. അവർ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ട്’ എന്ന് ദിലീപ് പറഞ്ഞു. തുടർന്ന് സംവിധായകൻ അരുൺ ഗോപിയാണ് സംസാരിച്ചത്.

‘ദിലീപേട്ടൻ ചെന്നൈയിൽ ആയിരിക്കുന്ന സമയത്ത് ഒരിക്കൽ രാവിലെ വിളിച്ചപ്പോൾ മഹാലക്ഷ്മിയെ സ്‌കൂളിൽ കൊണ്ടുവിടാൻ പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് വിളിച്ചപ്പോൾ ഗ്രോസറി വാങ്ങുകയാണെന്ന്. ചെന്നൈയിൽ മറ്റൊരാളായി, അച്ഛന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം നിർവഹിച്ച് ജീവിക്കുകയാണ്. ഞാൻ ഫ്‌ലാറ്റിലേക്ക് ഒക്കെ ചെല്ലുമ്പോൾ, മഹാലക്ഷ്മിയുടെ കാര്യങ്ങളെല്ലാം ചേട്ടൻ തന്നെയാണ് ചെയ്യുന്നതെന്ന് കാവ്യ പറയുന്നത് കേൾക്കാം. ചെന്നൈയിൽ ദിലീപേട്ടന്റെ വേറൊരു മുഖമാണ് കണ്ടുകൊണ്ടിരിക്കുന്നത്’, എന്നും അരുൺ ഗോപി പറഞ്ഞു.