മമ്മൂക്കയോട് പിണങ്ങിയ കാര്യം അറിഞ്ഞപ്പോൾ മുതൽ മകളും എന്നോട് മിണ്ടാറില്ല, സംവിധായകൻ

1980 മെയ് 6നാണ് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി സുൽഫിത്തിനെ വിവാഹം കഴിക്കുന്നത്. മമ്മൂട്ടി ചെറുവേഷങ്ങളിലൂടെ വന്ന് സൂപ്പർതാരമായത് വിവാഹത്തിന് ശേഷമായിരുന്നു. പിന്നീട് സിനിമകൾ പലത് ചെയ്ത് തിരക്കിലായെങ്കിലും കുടുംബത്തിന് നൽകേണ്ടുന്ന സമയം കുടുംബത്തിന് നൽകാന് മമ്മൂട്ടി എന്നും ശ്രമിക്കുന്നുണ്ട്. ഇപ്പോൾ പിതാവിനൊപ്പം മകൻ ദുൽഖർ സൽമാനും സിനിമയിൽ സജീവമാണ്. എല്ലാത്തിനും പിന്തുണ നൽകിക്കൊണ്ട് സുൽഫത്ത് മമ്മൂട്ടിയ്‌ക്കൊപ്പം എവിടെയുമുണ്ട്.

ഏക മകൾ സുറുമിയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. വരകളുടെ ലോകത്തിലൂടെയാണ് ഈ താരപുത്രിയുടെ സഞ്ചാരം. സിനിമ ഒരുപാട് ഇഷ്ടമാണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ നാണമാണെന്ന് താരപുത്രി നേരത്തെ പറഞ്ഞിരുന്നു. ഡോ. മുഹമ്മദ് റഹ്മാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ആഘോഷമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്. ഇപ്പോൾ സുറുമിക്കൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനായും കലാ സംവിധായകനായും ഏറെനാൾ മലയാള സിനിമയിൽ പ്രവർത്തിച്ച അമ്പിളി.വാക്കുകൾ,

‘ഒരിക്കൽ ഞാൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തിയിരുന്നു. അത് കാണാൻ സുറുമിയും വന്നിരുന്നു. ചിത്രങ്ങൾ കണ്ട് ഒരുപാട് സംശയങ്ങൾ ചോദിക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു സുറുമി. അക്രിലിക് പെയിന്റിങ് ചെയ്യുമ്പോഴുള്ള സംശയങ്ങൾ ചോദിച്ചപ്പോൾ ഞാൻ അതിന് വേണ്ട ചില പൊടികൈകൾ പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ വാട്സ് ആപ്പ് നമ്പർ തരികയും സുറുമി വരച്ച ചില ചിത്രങ്ങൾ എന്ന കാണിക്കുകയും ചെയ്തിരുന്നു. സംഭാഷണത്തിനിടെ ഞാൻ മമ്മൂക്കയുമായി സിനിമയിൽ പ്രവർത്തിക്കുന്ന കാലത്ത് ഒരു സൗന്ദര്യം പിണക്കം ഉണ്ടായതിനെ കുറിച്ച് പറഞ്ഞു. മമ്മൂക്കയുമായി വലിയ വഴക്ക് ഒന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തോട് സംസാരിക്കുകയും എല്ലാം ചെയ്യാറുണ്ട്.’

‘മമ്മൂട്ടിയോട് പിണങ്ങിയ കാര്യം പറയേണ്ടതില്ലായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നി. കാരണം ശേഷം ഞാൻ ചില ചിത്രങ്ങൾ വരച്ചപ്പോൾ സുറുമിക്ക് അയച്ച് കൊടുത്തിരുന്നു സുറുമി പക്ഷെ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ ഫോൺ വിളിച്ചു. കട്ടാക്കുകയൊന്നും ചെയ്തില്ല പക്ഷെ എടുത്തില്ല. പിന്നീട് എനിക്ക് ചിന്തിച്ചപ്പോൾ തോന്നി ഇനി മമ്മൂക്കയോട് പിണക്കമാണ് എന്ന് പറഞ്ഞതിന്റെ പേരിലാണോ സുറുമി മിണ്ടാത്തത് എന്ന്’