സിദ്ദിഖിന് വിടനൽകി കലാലോകം, സെൻട്രൽ ജുമാ മസ്ജിദിൽ സംസ്കാരം നടന്നു

കൊച്ചി : സംവിധായകൻ സിദ്ദിഖ് ഇനി ഓർമ്മ. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഭൗതിക ശരീരം ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ഔദ്യാേഗിക ബഹുമതി നൽകിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലേയ്ക്ക് എത്തിച്ചു. നിസ്കാര ചടങ്ങുകൾക്ക് പിന്നാലെ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

ഉദര രോഗത്തെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. 67 വയസായിരുന്നു. ന്യുമോണി​യയെ തുടർന്ന് ജൂലായ് പത്തിനാണ് അമൃതയി​ൽ പ്രവേശി​പ്പി​ച്ചത്. പി​ന്നാലെ കരൾ രോഗവും മൂർച്ഛി​ച്ചു. അസുഖം കുറഞ്ഞതിനാൽ അഞ്ചു ദി​വസം മുമ്പ് ഐ.സി​.യുവി​ൽ നി​ന്ന് മാറ്റിയിരുന്നു. കരൾ മാറ്റി​വയ്ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു

തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത് സ്ഥി​തി​ വഷളാക്കി​. വീണ്ടും ഐ.സി​.യുവി​ലേക്ക് മാറ്റി​. വൃക്കയുടെ പ്രവർത്തനവും അവതാളത്തി​ലായി​. തുടർന്ന് എക്‌മോ സഹായത്തോടെ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിരവധി പേരാണ് സിദ്ദിഖിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.

ഭാര്യ: സാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൺ. മരുമക്കൾ: നബീൽ, ഷെഫ്‌സിൻ. സഹോദരങ്ങൾ: സലാഹുദ്ദീൻ, അൻവർ, സക്കീർ, സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്. ബുധനാഴ്ച രാവിലെ ഒൻപതു മണി മുതൽ പന്ത്രണ്ടുവരെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെച്ചിരുന്നു. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കും അവിടെനിന്ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലേക്കും എത്തിച്ച് ഖബറടക്കി.