മാസപ്പടി ആരോപണത്തില്‍ പിണറായിയെ സഭയില്‍ മറുപടിപറയിക്കാതെ സതീശന്‍ രക്ഷിച്ചു, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വി മുരളീധരന്‍

ന്യൂഡല്‍ഹി : വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേരളത്തിലെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുപോലെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മാസപ്പടി ഇടപാട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ വന്ന വാര്‍ത്ത നിയമസഭാ നടപടികള്‍ വെട്ടിച്ചുരുക്കി എന്നാണ്. ഇതിലും മികച്ച സഹകരണാത്മക പ്രതിപക്ഷം എവിടെയുണ്ടാകുമെന്ന് മുരളീധരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ മറുപടി പറയിക്കാതെ പിണറായിയെ സതീശന്‍ രക്ഷിച്ചത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായി പുറത്തുവന്നാല്‍ പ്രതിപക്ഷവും തലയില്‍ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ എന്നും മുരളീധരന്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ വന്ന വാര്‍ത്ത ‘ നിയമസഭാ നടപടികള്‍ വെട്ടിച്ചുരുക്കി ‘ എന്നാണ് !
കാര്യോപദേശക സമിതി തീരുമാനമെടുത്തത്രെ.  ഇതിലും മികച്ച ‘ സഹകരണാത്മക പ്രതിപക്ഷം ‘ എവിടെയുണ്ടാവും ? പാര്‍ലമെന്റില്‍ സ്വയം പരിഹാസ്യരായി ‘ അദാനി അദാനി ‘ വിളിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് നിയമസഭയില്‍ ‘കര്‍ത്ത ,കര്‍ത്ത ‘ എന്ന് വിളിക്കാന്‍ നാവുപൊന്താത്തതെന്ത് ? മകളുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് നിയമസഭയില്‍ മറുപടി പറയിക്കാതെ പിണറായിയെ സതീശന്‍ രക്ഷിക്കുന്നതെന്തിനാണ്
ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായി പുറത്ത് വന്നാല്‍ പ്രതിപക്ഷവും തലയില്‍ മുണ്ടിടേണ്ടി വരുമെന്നതിനാലാണോ ?