കുളച്ചൽ കണ്ട മൃതദേഹം കിരണിന്റേത് തന്നെയെന്ന് ഡി എൻ എ ഫലം

 

തിരുവനന്തപുരം. പെൺസുഹൃത്തിനെ ആഴിമലയിൽ കാണാനെത്തിയത്തിൽ പിന്നെ തമിഴ്നാട്ടിലെ കുളച്ചൽ കടൽതീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം മൊട്ടമൂട് സ്വദേശിയായ കിരണിന്റേതാണെന്നു സ്ഥിരീകരിച്ചു. ഡി എൻ എ പരിശോധയിലാണ് മൃതദേഹം കിരണിന്റേത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കിരണിനെ തട്ടിക്കൊണ്ടു പോയ പെൺസുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ശക്തമാവുകയാണ്. കിരണിനെ അടിച്ചു കൊന്നു കടലിൽ തള്ളിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കിരൺ ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിലെത്തുന്നത്. സുഹൃത്തിനെ കിരൺ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ള സംഘം വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞു മർദിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞിരുന്നത്. പൊലീസ് എത്തുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റി കൊണ്ടു പോയെന്നും ഇതിനിടെ കിരണിനെ കാണാതായെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. കിരണിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ ഇതിനകം അറസ്റ്റിലായി. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായിരിക്കുന്നത്.

കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ച ശേഷമാണ് തട്ടി കൊണ്ടുപോവുന്നത്. മൃതദേഹത്തിൻറെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിൻറെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്ന താണ്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായതിനാലാണ് ഡി എൻ എ പരിശോധന വേണ്ടി വന്നത്. അതേസമയം, ഈ സംഭവം നടക്കുന്നതിനു ഒരാഴ്ച മുൻപ് കിരണിന്റെ അച്ഛനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇനി മെസേജോ വിളിയോ വന്നാല്‍ അവനെ ജീവനോടെ വച്ചേക്കില്ല എന്നായിരുന്നു അച്ഛനോട് പറഞ്ഞത്. ഇനി ആവര്‍ത്തിക്കില്ലെന്ന് അച്ഛന്‍ അവരോട് പറഞ്ഞിരുന്നു.