കെ റെയിലിന് ബദലായി കേരളത്തിൽ കേന്ദ്രത്തിന്റെ അതിവേഗ ട്രെയിൻ ഓടും.

 

കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ കെ റെയിലിന് ബദലായി കേന്ദ്രത്തിന്റെ അതിവേഗ ട്രെയിൻ ഓടും. കേന്ദ്രത്തിന്റെ അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ നടപ്പിലാക്കാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കവെയാണ് കെ-റെയിലിന് ബദല്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്‌ വരുന്നത്.

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിറകെ കെ-റെയിലിന് പകരം കേന്ദ്രം ബദല്‍ പദ്ധതി ഇറക്കാൻ ഒരുങ്ങുകയാണ്. കേരളത്തില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുന്ന തരത്തിലുള്ള പഠനം കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ഇത്തരം ബദല്‍മാര്‍ഗം കേരള എംപിമാരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വി മുരളീധരന്‍ വ്യക്തമായിരുന്നു. കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സില്‍വന്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ബിജെപിയുടെ നിലപാട്. പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്നാണ്‌ ബിജെപിയുടെ വാദം.

ഇതേ തുടർന്നാണ് സംസ്ഥാനത്തെ ബിജെപി പ്രതിനിധി സംഘം റെയില്‍വേ മന്ത്രിയെ കണ്ടത്. അതേസമയം, പാവപെട്ടവനെ കുടിയിറക്കി പിണറായി സർക്കാർ കോടികളുടെ അഴിമതി നടത്തി തട്ടി കൂട്ടുന്ന കെ റെയിൽ ഇതോടെ മൂലയിലാവും. കേന്ദ്രത്തിന്റെ അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന് 16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ് ആയ രണ്ടു റേക്കുകൾ ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നിന്നാകും സർവീസ് നടപ്പിലാക്കുക.1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിലും ഉണ്ടാകുക.

തീവണ്ടി സർവീസുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും തിരുവനന്തപുരത്ത് നടപ്പിലാകാൻ ആണ് റെയിൽവേ ബോർഡ് നിർദേശിച്ചു കഴിഞ്ഞിരിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടു റേക്കുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിർദേശം. കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.

പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിർമാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ആദ്യ തീവണ്ടിയുടെ നിർമാണം ഇക്കൊല്ലം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിനുമുമ്പ് 75 തീവണ്ടികൾ വിവിധ റെയിൽവേ സോണുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി എത്തുകയുള്ളൂ.

ദക്ഷിണ റെയിൽവേയുടെ കീഴിൽ ചെന്നൈ (ആറ്), കോയമ്പത്തൂർ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്), തിരുവനന്തപുരം (രണ്ട്) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകൾ അനുവദിക്കുക. ന്യൂഡൽഹിക്കാണ് ഏറ്റവും കൂടുതൽ റേക്കുകൾ -12 എണ്ണം. ഇവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സജ്ജമാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

രാജ്യത്ത് 400 അതിവേഗ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്രം ഉറപ്പു നൽകിയിരിക്കുന്നത്. മൂന്നുവര്‍ഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ് (Vande Bharat Express) ട്രെയിനുകള്‍ ഓടിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitaraman) ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്നവയാണ് വന്ദേ ഭാരത് എക്സ്പ്രസ്. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ചകൾ കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നിരത്തിയ സംസ്ഥാനത്തെ സർക്കാരും പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപനത്തെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.