ഒറ്റായാന് മുന്നില്‍ സ്വന്തം ജീവന്‍ കൊടുത്ത് ടോമി രക്ഷിച്ചത് അഞ്ച് ജീവനുകള്‍

മറയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ടോമി എന്ന നായ സ്വന്തം ജീവന്‍ നല്‍കി രക്ഷിച്ചത് തന്റെ ഉടമസ്ഥനെയും കുടുംബത്തെയും. വീടിന് നേരെ പാഞ്ഞടുത്ത കൊമ്പന്‍ ടോമിയെ കൊമ്പില്‍ കോര്‍ത്ത് എടുത്തു. എന്നാല്‍ അപ്പോഴും ആ കലിമൂത്ത ഒറ്റയാന്റെ കണ്ണില്‍ മാന്തി ടോമി തന്റെ യജമാനന്റെ കുടുംബത്തെ രക്ഷിക്കുകയായിരുന്നു. വയറില്‍ ഏറ്റ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് ടോമിക്ക് ജീവന്‍ നഷ്ടമായി.

ചെവ്വാഴ്ച അര്‍ധരാത്രിയോടെ കാന്തല്ലൂരിലാണ് സംഭവം ഉണ്ടായത്. വനാതിര്‍ത്തിയിലെ കൃഷികള്‍ ചനിട്ടി നശിപ്പിച്ച ശേഷം ഒറ്റയാന്‍ കാന്തല്ലൂര്‍ കുണ്ടക്കാട്ടില്‍ സോമന്റെ പറമ്പിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടെ കമ്പിവേലിയില്‍ കുടുങ്ങി. ഇതോടെ കലിയിളകിയ ആന വേലി തകര്‍ത്ത് സോമന്റെ വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ശബ്ദം കേട്ട് സോമനും ഭാര്യ ലിതിയയും മക്കളായ അഭിലാഷ്, അമൃതയും സഹോദരി വത്സമ്മയും പേടിച്ച് വീടിനുള്ളില്‍ തന്നെ ഇരുന്നു.

ഈ സമയം തന്റെ ഉടമയും കുടുംബവും അപകടത്തിലാണെന്ന് മനസിലാക്കിയതോടെ ടോമി തന്നെ പൂട്ടിയിരുന്ന തുടല്‍ പൊട്ടിച്ച് ഓടിയെത്തി. വീടിന്റെ തൂണില്‍ പിടിച്ച് വലിക്കുകയായിരുന്ന കൊമ്പന്റെ കാലില്‍ ടോമി കടിച്ചു. ഇതോടെ തൂണില്‍ നിന്നും പിടിവിട്ട് ആന ടോമിക്ക് നേരെ തിരിഞ്ഞു. വീണ്ടും ടോമി കുരച്ചുകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും ആന കൊമ്പില്‍ കോര്‍ത്തെടുത്തു. വയറ്റില്‍ ആനക്കൊമ്പ് തുളഞ്ഞു കയറിയെങ്കിലും ആനയുടെ കണ്ണില്‍ ടോമി മാന്തി. ഇതോടെ ടോമിയെ കുടഞ്ഞെറിഞ്ഞ് ആന ഓടി. ഗുരുതരമായി പരുക്കേറ്റ ടോമിക്ക് ഇന്നലെ ഉച്ചയോടെ ജീവന്‍ നഷ്ടമായി.