പെൺകുട്ടിയുടെ മരണം വരെ സ്ത്രീധന വിഷയത്തിൽ മൗനം പുലർത്തിയ ഷാഹ്‌നയുടെ വീട്ടുകാരും കുറ്റക്കാർ- ഡോ അനുജ ജോസഫ്

തിരുവനന്തപുരത്ത് യുവ ഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം പുറത്തു വന്നിരുന്നു. ​യുവതിയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. പിന്നാലെ നിരവധിയാളുകളാണ് സ്ത്രീധനമെന്ന സബ്രദായത്തിനെതിരെ രം​ഗത്തെത്തുന്നത്. മരണപ്പെട്ട ഷാഹ്‌നയുടെ, പ്രതിശ്രുത വരനും വീട്ടുകാർക്കും ഇത്രയും സ്ത്രീധനം ആവശ്യപ്പെടാൻ തോന്നിയ ധൈര്യം നമ്മുടെ നാട്ടിലെ പരിതാപകരമായ അവസ്ഥയാണ് ചൂണ്ടി കാട്ടുന്നതെന്ന് പറയുകയാണ് ഡോ. അനുജ ജോസഫ്.

അനുജ ജോസഫ് പങ്കിട്ട കുറിപ്പിങ്ങനെ

നമുക്ക് മുൻപിൽ സ്ത്രീധനത്തിന്റെ പേരിൽ മരണം വരിക്കേണ്ടി വന്ന പെൺകുട്ടികളുടെ മുഖങ്ങൾ ഏറെ ഉണ്ടായിട്ടും, ഇന്നും നിയമങ്ങൾ നോക്കുകുത്തികളായി തീരുന്ന കാഴ്ച വേദനാജനകമാണ്. മരണപ്പെട്ട ഷാഹ്‌നയുടെ, പ്രതിശ്രുത വരനും വീട്ടുകാർക്കും ഇത്രയും സ്ത്രീധനം ആവശ്യപ്പെടാൻ തോന്നിയ ധൈര്യം പോലും, ഇന്നും നമ്മുടെ നാട്ടിലെ പരിതാപകരമായ അവസ്ഥ അല്ലേ ചൂണ്ടി കാണിക്കുന്നത്.

ഒരു പെൺകുട്ടി മരണമടയുമ്പോൾ മാത്രം ഉയരുന്ന അവളുടെ വീട്ടുകാരുടെ ശബ്ദം, കാലാകാലങ്ങളായി തുടരുന്നതല്ലേ? സ്ത്രീധനം ആവശ്യപ്പെടുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്നിരിക്കെ, ഒരിടത്തും ഇതിനെതിരെ ഒരു പരാതി പോലും ഉയർത്താതെ പെൺകുട്ടിയുടെ മരണം വരെ മൗനം പുലർത്തിയ ഷാഹ്‌നയുടെ വീട്ടുകാരും ഒരു പോലെ തെറ്റുകാരാണ്. ഇനിയെങ്കിലും ആത്മഹത്യ വരെ ഒരു പെൺകുട്ടിയെ എത്തിക്കാതെ, നട്ടെല്ല് നിവർത്തി സ്ത്രീധനം എന്ന മഹാവിപത്തിനെ വരുതിയിലാക്കാൻ നമ്മുടെ സമൂഹത്തിനു കഴിയട്ടെ.

അതേ സമയം തിങ്കളാഴ്ചയാണ് ഷഹ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവ ഡോക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്.

ഒപ്പം പഠിച്ച സുഹൃത്തുമായി ഷഹ്നയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വിവാഹത്തിനായി യുവാവിന്റെ വീട്ടുകാർ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു കാറുമാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കില്ലെന്നറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ബന്ധുക്കൾ പറയുന്നു. 50 പവൻ സ്വർണവും 50 ലക്ഷം രൂപയും സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഷഹനയുടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.