ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി, ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം : ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

രണ്ടുപേർ ടെസ്റ്റിനെത്തിയെങ്കിലും . രണ്ടു പേരും ടെസ്റ്റിൽ പങ്കെടുക്കാതെ മടങ്ങി. ഇന്നത്തെ തീയതി റദ്ദായതിനെ തുടർന്നാണ് ടെസ്റ്റിനെത്തിയവർ മടങ്ങിയത്. കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു. കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ് ഇന്നും തടഞ്ഞത്. സിഐടിയു ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം.

പൊലീസ് സംരക്ഷണയില്‍ ടെസ്റ്റ് നടത്താന്‍ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്നലെ പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കണ്ടത്.