നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന് അമാല്‍ ചോദിക്കാറുണ്ട്, ദുല്‍ഖര്‍ പറയുന്നു

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും ഹിന്ദിയിലും താരം തിളങ്ങി. കുറുപ്പ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ ഉയര്‍ന്നു. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകളാണ് ചിത്രത്തിന്റെ പ്രമേയം.

താന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് ഹേ സിനാമികയിലേതെന്നും ജീവിതത്തില്‍ തനിക്ക് കുടുബസ്ഥനായിരിക്കാനാണിഷ്ടമെന്നും ദുല്‍ഖര്‍ പറയുന്നു. കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കാമെന്ന് അമാലിനോട് പറയാറുണ്ട്. കൂടുതല്‍ സമയം കുഞ്ഞുമായി ചിലവഴിക്കുന്നത് അമാലായതിനാല്‍ തനിക്ക് അസൂയ തോന്നാറുണ്ട്.-ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

സിനിമയിലെ കുടുംബസ്ഥന്റെ വേഷം ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്തതാണ്. എനിക്ക് മകളുണ്ടായതിനുശേഷം അമാലിനോട് എപ്പോഴും ഞാന്‍ പറയാറുണ്ട്, നീ ജോലിയ്ക്ക് പോയ്ക്കോ, ഞാന്‍ ഇവിടെയിരുന്ന് കുഞ്ഞിനെ നോക്കിക്കോളാമെന്ന്. മാത്രമല്ല, കുഞ്ഞിന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നത് അമാലിനായതുക്കൊണ്ട് എനിക്ക് എപ്പോഴും അവളോട് അസൂയ തോന്നാറുമുണ്ട്. ഒഴിവ് സമയങ്ങളില്‍ തനിക്ക് വെറുതെയിരിക്കാനാണിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കും.- ദുല്‍ഖര്‍ പറഞ്ഞു.

വര്‍ക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്’, ദുല്‍ഖര്‍ പറയുന്നു.