അമ്മയുടെ മാറില്‍ ചേര്‍ന്ന് കുഞ്ഞ് റയാന്‍, പെട്ടിയില്‍ പ്രിയപ്പെട്ട പാവക്കുട്ടിയും, അവര്‍ ഒരുമിച്ച് മടങ്ങി, പിന്നാലെ മൂന്ന് പേരും

തിരുവനന്തപുരം: അമ്മ അഭിരാമിയുടെ മാറില്‍ കുഞ്ഞു റയാന്‍ അന്ത്യയാത്രയ്ക്കായി ചേര്‍ന്ന കിടന്നു. എട്ട് മാസം പ്രായം മാത്രമുണ്ടായിരുന്നു റയാന്‍ ഏവരെയും കരയിച്ച സങ്കട കാഴ്ചയായി. ആരോ അവനോടൊപ്പം അവനിഷ്ടപ്പെട്ട ആ പാവക്കുട്ടിയും ചേര്‍ത്ത് വെച്ച പെട്ടിയടച്ചു. ആ ശവപ്പെട്ടിയില്‍ മണ്ണ് വീണ് മൂടുമ്പോള്‍ അടുത്തായി അവന്റെ അപ്പൂപ്പന്‍ പ്രതാപനും അമ്മൂമ്മ ഷേര്‍ളിയും ഇളച്ഛന്‍ അഹിലും തങ്ങളും ഊഴം കാത്ത് കിടക്കുന്നു. വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച വര്‍ക്കല പന്തുവിളയിലെ വീട്ടുവളപ്പാണ് സങ്കടക്കടലായത്.

അഭിരാമിയുടെയും മകന്‍ റയാന്റെയും മൃതദേഹങ്ങള്‍ ഒരു ശവപ്പെട്ടിയില്‍ അടക്കം ചെയ്തു. മറ്റുള്ളവര്‍ക്ക് ഇതിന് അരികിലായി ചിതയും ഒരുക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന തീപിടുത്തത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹം ശനിയാഴ്ച അടക്കം ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ വിലാപയാത്രയിയാ പ്രതാപന്റെ മൂത്ത മകന്‍ രാഹുലിന്റെ വീട്ടില്‍ എത്തിച്ചു. രണ്ട് മണിക്കൂറോളം പൊതു ദര്‍ശനത്തിന് വെച്ചു. പ്രതാപന്‍, ഭാര്യ ഷെര്‍ലി, ഇളയമകന്‍ അഹില്‍, രണ്ടാമത്തെ മകന്റെ ഭാര്യ അഭിരാമി, ഇവരുടെ കുഞ്ഞ് റയാന്‍ എന്നിങ്ങനെ അവര്‍ അടുത്തടുത്ത് കിടന്നു.

ശവമഞ്ചത്തില്‍ കുഞ്ഞ് റയാനോടൊപ്പം അവന്റെ ഏറ്റവും പ്രിയപ്പെട്ട പാവക്കുട്ടിയുമുണ്ടായിരുന്നു. സങ്കടക്കടലായിരുന്നു ആ മുറ്റം. കാവല്‍ നിന്ന പോലീസുകാര്‍ പോലും സങ്കടമടക്കാന്‍ പാടുപെട്ടു. പ്രതാപന്റെ മൂത്ത മകന്‍ രാഹുലിനെ ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ക്കൊന്നുമായില്ല. പന്തുവിളയിലേക്ക് അഭിരാമിയുടെ അച്ഛന്‍ സൈന്‍ നടേശനും അമ്മ സോഫിയയും സഹോദരന്‍ ആദിത്യനും കണ്ണീരോടെ മൃതദേഹത്തെ അനുഗമിച്ചു. രാഹുല്‍, മകന്‍ ആദിദേവ്, അഭിരാമിയുടെ അപ്പച്ചിയുടെ മകന്‍ അരുണ്‍, മകന്‍ അദ്വൈത് എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

പട്ടുസാരി പുതച്ചുകിടന്ന അഭിരാമിയുടെ മാറിലേക്ക് കുഞ്ഞു റയാനെ ചേര്‍ത്തുകിടത്തിയപ്പോള്‍ കണ്ടുനിന്നവര്‍ കണ്ണുകളടച്ചു. എല്ലാ മിഴികളിലും കണ്ണുനീര്‍ മാത്രം. അവരെ അടക്കം ചെയ്ത ശേഷം മറ്റുള്ളവരെ ചിതയിലേക്കെടുത്തു. സന്തോഷത്തോടെ ജീവിച്ച വീട്ടില്‍ ഇനി അവര്‍ സന്തോഷത്തോടെ ഉറങ്ങും.