കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്. ലോറി ഡ്രൈവർ രാജസ്ഥാൻ സ്വദേശിയായ രാംചന്ദ്രക്ക് (44) പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി അഞ്ച് വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയിൽ നിന്ന് ഓരോ ലക്ഷം രൂപ വീതം മരിച്ചവരുടെ ബന്ധുകൾക്കും ഒരു ലക്ഷം രൂപ പരിക്കേറ്റ ഇന്ദ്രദേവിനും നൽകണം. പിഴ ഒടുക്കാതിരുന്നാൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.

സംഭവത്തിൽ ബബുലു മാസിഹ്(42), ഉമേഷ്കുമാർ(23), സൂര്യകാന്ത് (32) എന്നിവർ മരണപ്പെട്ടിരുന്നു. ഇന്ദ്രദേവ് (22) എന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടകരമായി ലോറി ഓടിച്ചതിനും മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിനും ആറ് മാസം വീതം വെറും തടവും വിധിച്ചിട്ടുണ്ട്.

2017-ഒക്ടോബർ 12-ന് രാത്രി 11.45 മണിക്ക് ആലുവ മുട്ടം തൈക്കാവ് ജംഗ്ഷനിൽവെച്ചാണ് സംഭവം. തൊഴിലാളികളുടെ ദേഹത്തേക്ക് കിഴക്കേ ട്രാക്കിലൂടെ ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് അമിത വേഗതയിൽ രാംചന്ദ്ര ഓടിച്ചുവന്ന ട്രെയ്ലർ പാഞ്ഞുകയറുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള കിഴക്കേ ട്രാക്ക് ബാരിക്കേഡ് വെച്ച് അടച്ചതിന് ശേഷമാണ് തൊഴിലാളികൾ മെട്രോ നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നത്. പടിഞ്ഞാറെ ട്രാക്കിലൂടെ ഗതാഗതത്തിന് അനുമതി നൽകിയിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണവരെ ശ്രദ്ധിക്കാതെ രാംചന്ദ്ര ലോറി നിർത്താതെ പോകുകയായിരുന്നു.

അഹമ്മബാദിൽനിന്ന് പത്തനംതിട്ടയിലെ പാലത്തറ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ബിറ്റുമെൻ ഉരുക്കാനുള്ള കൂറ്റൻ ടാങ്കുമായി വന്ന ലോറിയാണ് രാംചന്ദ്ര ഓടിച്ചിരുന്നത്. ടാങ്ക് ചിറ്റാറിൽ ഇറക്കി തിരികെ പോകുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. ലോറി തിരിച്ചറിയുന്നതിനുള്ള തെളിവുകൾ കോടതി മുൻപാകെ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ തിരിച്ചറിയുന്നതിൽ പാലത്തറ കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജരുടെ മൊഴിയാണ് നിർണ്ണായകമായത്.