കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡിയുടെ നോട്ടീസ്

കൊച്ചി∙ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ സമൻസ് കിട്ടിയിട്ടില്ലെന്നാണ് വർഗീസിന്റെ നിലപാട്. പാർട്ടിയുമായി ആലോചിച്ച് ഹാജരാകുന്നതിൽ തീരുമാനം എടുക്കുമെന്നും വർഗീസ് പറഞ്ഞു.

ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ഇ.‍ഡി കത്ത് നൽകി.

ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തൃശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ ഏകദേശം 25 ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തുകയും കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ ഇവയിലൂടെ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.