ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

കാസർകോട് മൊഗ്രാൽപുത്തൂരിൽ ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ ഫ്യൂസ് ഊരാനെത്തിയ കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേ സമയം കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് ചർച്ചയായിരുന്നു. കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്.

ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ നിലവിൽ കുടിശ്ശികയുണ്ട്. ബിൽ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.