വൈദ്യുതി ഉപഭോ​ഗം, ശ്രദ്ധ വേണം, നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ഉപഭോ​ഗത്തിൽ പൊതുജനങ്ങൾക്ക് നിർദേശവുമായി കെഎസ്ഇബി എത്തിയിരിക്കുകയാണ്. വൈകുന്നേരം ആറ് മണിക്കും 12 മണിക്കും ഇടയിൽ വൈദ്യുതി അമിതമായി ഉപയോ​ഗിക്കുന്ന വാഷിം​ഗ് മെഷീന്റെ ഉപയോ​ഗം കുറയ്‌ക്കാനാണ് നിർദേശം.

വൈദ്യുതി തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാത്രി വൈകി വാഷിം​ഗ് മെഷിൻ ഉപയോ​ഗിക്കുന്ന ശീലം മാറ്റേണ്ടതുണ്ടെന്നും ഇവ പകൽ സമയത്ത് പ്രവർത്തിപ്പിക്കണമെന്നും കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോ​ഗത്തിൽ നേരിയ കുറവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോ​ഗം 103. 28 ദശലക്ഷം യൂണിറ്റായിരുന്നു.

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഉപയോ​ഗം കുറക്കാൻ കാരണമായെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെയുണ്ടായിരുന്ന സർചാർജ്ജും ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. നിലവിലെ ഒമ്പത് പൈസ സർചാർജ്ജ് കൂടാതെ 10 പൈസ അധികം ഈടാക്കും. ആകെ 19 പൈസയാണ് ഇപ്പോഴത്തെ സർചാർജ്ജ്. രണ്ട് ദിവസത്തെ വൈദ്യുത ഉപഭോ​ഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും.