കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി

പത്തനംതിട്ട: ഗവി-കുമളി റോഡില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ഇടയില്‍പ്പെട്ട് കാട്ടാന. ഇന്ന് രാവിലെ എട്ടേകാലോടെ ഗവിക്കും മൂഴിയാറിനും ഇടയില്‍ കള്ളിപ്പാറയിലാണ് ബസുകള്‍ക്ക് മുന്നില്‍ കാട്ടാന കുടുങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളിക്കുള്ള കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസാണ് കാനന പാതയില്‍ വളവ് തിരിഞ്ഞ് വരവേ ആദ്യം ആനയ്ക്ക് മുന്നില്‍പെട്ടത്. ഈ സമയത്ത് ആന തിരിഞ്ഞുനടന്നു.

എന്നാൽ തൊട്ടടുത്ത വളവില്‍ കുമളിയില്‍ നിന്ന് ഗവി വഴി പത്തനംതിട്ടക്കുള്ള ബസും പെട്ടെന്ന് ആനയ്ക്ക് മുന്നിലേക്കെത്തി. ആനയെ കണ്ടതും ബസ് പെട്ടെന്ന് ബ്രേക്കിട്ടു. രണ്ട് ബസ്സുകള്‍ക്ക് ഇടയില്‍പ്പെട്ട് ആന അല്‍പനേരം നിശ്ചലമായി നിന്നു. പിന്നീട് കുമളിയില്‍ നിന്ന് വന്ന ബസിനു മുന്നിലേക്ക് പാഞ്ഞടുത്തു. ബസിനു തൊട്ടടുത്തെത്തി ചിന്നംവിളിച്ചു.

ഇതോടെ ബസ് യാത്രക്കാരും ഡ്രൈവറും പരിഭ്രാന്തരായി.തുടർന്ന് ഇരുബസുകളുടെയും നടുവില്‍ ആന നിലയുറപ്പിച്ചു. രണ്ടു ഭാഗത്തുനിന്നും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പിന്നിലേക്ക് നീക്കി. ഒരു വശത്ത് കൊക്കയും മറുവശത്ത് കുത്തനെയുള്ള കയറ്റവുമായതുകൊണ്ട് പെട്ടെന്ന് റോഡില്‍ നിന്ന് മാറാനാവാതെ ആന അവിടെത്തന്നെ നിന്നു. പിന്നീട് അല്‍പ്പദൂരം റോഡിലൂടെ നടന്ന് ചെറുകയറ്റം കടന്ന് കാടുകയറി.