പുതിയ മുഖങ്ങളെ എത്തിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ലണ്ടന്‍: സമീപ കാലത്തെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരിശീലക സംഘത്തില്‍ പുതിയ മുഖങ്ങളെ എത്തിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. പുതിയതായി സ്ഥാനമേറ്റ മാനേജിങ് ഡയറക്ടര്‍ റോബ് കീയുടെ നേതൃത്വത്തിലാണ് പുതിയ സംഘത്തെ തിരഞ്ഞെടുക്കുന്നത്.

ആഷസ് പരമ്പരയിലെ തോല്‍വിയും പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ നാണംകെട്ട പരാജയവും പരിശീലകനായ ക്രിസ് സില്‍വര്‍വുഡിന്റെ കസേര തെറിപ്പിച്ചിരുന്നു. പിന്നാലെയാണ് പുതിയ കോച്ചിനായി ബോര്‍ഡ് ശ്രമം തുടങ്ങിയത്.

മെയ് ആറിനുള്ളില്‍ അപേക്ഷകള്‍ സ്വീകരിക്കും. മുന്‍ ഇന്ത്യന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേസ്റ്റന്‍, മുന്‍ ശ്രിലങ്ക, അയര്‍ലന്‍ഡ് പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗ്രഹാം ഫോര്‍ഡ്, ഓസീസ് മുന്‍ താരം സൈമണ്‍ കാറ്റിച്ച് എന്നിവര്‍ക്കാണ് സ്ഥാനത്തേക്ക് മുന്‍തൂക്കമുള്ളത്.