10 തവണയില്‍ ഒന്‍പതു തവണയും ഇഷ്ടപ്രകാരം ചെയ്തു പത്താം തവണ ബലംപിടിച്ച് ലൈംഗികമായി ഉപയോഗിച്ചാല്‍ അത് ബലാല്‍സംഗം തന്നെയാണ്, സിന്‍സി അനില്‍ പറയുന്നു

വിജയ് ബാബുവിനെതിരെ ബലാത്സംഗകേസ് എടുത്തതോടെ മലയാള സിനിമ മേഖല തന്നെ ഞെട്ടിയിരിക്കുകയാണ്. നടനെതിരെ ഗുരുതര ആരോപണങ്ങളാണ് നടിയായ യുവതി ആരോപിച്ചിരിക്കുന്നത്. ഇതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ എത്തി ഇരയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവദമായി. മാത്രമല്ല ഇതിന്റെ പേരിലും വിജയ്ക്ക് എതിരെ കേസെടുത്തു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിങ്ങനെ, വിജയ് ബാബു സിനിമയില്‍ വേഷം തരാമെന്നു പറഞ്ഞു പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി എന്നാണ് ഇന്നലെ രാത്രി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ആ പരാതി കേട്ടപ്പോള്‍ ആദ്യം സംശയമാണ് തോന്നിയത്. പരാതിക്കാരി ആയ നടി ആരാണെന്ന് സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചപ്പോള്‍ അയാളുടെ മറ്റൊരു സിനിമയിലെ നായിക ആണെന്നും പേര് ഇന്നതാണ് എന്നും അറിഞ്ഞു. ഒരു സിനിമയില്‍ നായിക ആയി.. അടുത്ത സിനിമയില്‍ വേഷം കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു നടി പരാതിയുമായി ഇറങ്ങിയതാണെന്നു സംശയം തോന്നിയത് എനിക്ക് മാത്രമല്ല… പലര്‍ക്കും ഉണ്ടായിരുന്നു.

അങ്ങനെ കാലത്തെ ഉണരുമ്പോഴാണ്… നായകന്റെ ലൈവ് ലൂടെ ഉള്ള രംഗപ്രവേശം. അവളാണ് ഡിപ്രെഷന്‍ ആണെന്ന് പറഞ്ഞു തന്റെ അടുക്കലേക്ക് വന്നതെന്നും താന്‍ ഇര ആണെന്നും അവള്‍ സുഖിച്ചു വീട്ടില്‍ ഇരിക്കേണ്ട എന്നത് കൊണ്ട് അവളുടെ പേര് ഇന്നതാണ് എന്നും പറഞ്ഞായിരുന്നു ലൈവ്. അവിടെ ആ പെണ്‍കുട്ടിയുടെ പരാതിയുമായി കൂട്ടി വായിക്കുമ്പോള്‍ ആണ് വിജയ് ബാബു വിന്റെ യഥാര്‍ത്ഥ മുഖം വായിച്ചെടുക്കാനായത്. മുന്‍പ് സാന്ദ്ര തോമസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മാണ കമ്പനി നടത്തുകയും അതില്‍ സാമ്പത്തിക തിരിമറി ഉണ്ടായി എന്ന് പറഞ്ഞു സാന്ദ്ര ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏല്പിക്കുകയും അയാള്‍ക്കു എതിരെ സാന്ദ്ര കേസ് കൊടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.

കേസ് അന്വേഷണത്തില്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തു ആ കേസ് ല്‍ നിന്നും വിജയ് ബാബു ഊരി പോന്നു. പിന്നീട് തന്റെ വിഹിതം വാങ്ങി സാന്ദ്ര വീട്ടില്‍ പോരുകയും ചെയ്തു. പറഞ്ഞു വന്നത് സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമം ഇയാള്‍ക്ക് പുതുമ ഉള്ളതല്ല എന്ന് തന്നെയാണ്. ഇപ്പോഴാണ് ആ പെണ്‍കുട്ടി എഴുതിയ പരാതിയുടെ വിശദമായ വിവരങ്ങള്‍ വായിക്കുന്നത്. അവര്‍ നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം തന്നെയാണ്….അവരുടെ പരാതി ലൈംഗികത നിഷേധിച്ചതിനു ക്രൂരമായി മര്‍ദിച്ചു എന്നതാണ്.

അവരുടെ പരാതി കമന്റ് ബോക്‌സില്‍ കൊടുക്കുന്നുണ്ട്. പരാതി പോലീസ് അന്വേഷിക്കട്ടെ. അത് നമ്മുടെ ജോലി അല്ല. അയാള്‍ വിളിച്ചു പറഞ്ഞത് പ്രകാരം പെണ്‍കുട്ടി ആരാണെന്നു എല്ലാവര്‍ക്കും മനസിലായി. അവരെ ഒപ്പം നിര്‍ത്തിയില്ലെങ്കിലും അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താതിരിക്കുന്നത് ഒരു മര്യാദയുടെ ഭാഗമാണ്. അവര്‍ ഫ്രെയിം ചെയ്ത കഥയാണ് എങ്കില്‍ അത് പോലീസ് പറയട്ടെ. രണ്ടു പേരും കൂടി സമ്മതിച്ചു നടന്ന സെക്‌സ് നെ ബലാല്‍സഗം എന്ന് പറയരുതെന്ന അഭിപ്രായം പലയിടത്തും കണ്ടു.

10 തവണയില്‍ ഒന്‍പതു തവണയും ഇഷ്ടപ്രകാരം ചെയ്തു എങ്കിലും പത്തമത്തെ തവണ ശരീരികമായി ഉപദ്രവിച്ചോ ബലം പിടിച്ചോ ലൈംഗികമായി ഉപയോഗിച്ചാല്‍ അത് ബലാല്‍സംഗം തന്നെയാണ്. ദാമ്പത്യജീവിതത്തില്‍ പോലും പങ്കാളിക്ക് താല്പര്യമില്ലാതെ സെക്‌സ് ബലം പിടിച്ചു നടത്തിയാല്‍ അത് റേപ്പ് തന്നെയാണ്. പോലീസ് അവരുടെ ജോലി ചെയ്യട്ടെ. ആ പെണ്ണിനെ വാക്കുകള്‍ കൊണ്ട് എല്ലാരും കൂടി ഇനിയും ബലാത്സംഗം ചെയ്യ്യാതിരിക്കു. അതുകൊണ്ട് വിജയ് ബാബു ഫാന്‍സ് ഒന്ന് പൊടിക്ക് അടങ്ങു.