കേരളത്തിൽ നിരോധനത്തിന് ശേഷവും സജീവമായി പോപ്പുലർ ഫ്രണ്ട്, ഹിറ്റ് സ്‌ക്വാഡിൽ കൂടുതലും യുവാക്കൾ

കൊച്ചി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന് ശേഷം കേരളത്തില്‍ പിഎഫ്‌ഐ സജീവമാകുന്നതായി റിപ്പോര്‍ട്ട്. മതഭീകരവാദത്തില്‍ ആകൃഷ്ടരായ ചെറുപ്പക്കാരെ കൂട്ടി ഹിറ്റ്‌സ് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പിഎഫ്‌ഐയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ എത്തുന്ന ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നതും രഹസ്യ യോഗങ്ങള്‍ ചേരുന്നതുമായ സ്ഥലങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്ന മുഹമ്മദ് മുബാറക്കിന്റെ കേന്ദ്രമായ എടവനക്കാടും പിഎഫ്‌ഐ ശക്തി കേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും, എറണാകുളത്തെ പിഎഫ്‌ഐ സ്വാധീന കേന്ദ്രങ്ങളിലും പെരുമ്പാവൂര്‍ കോതമംഗലം എന്നിവിടങ്ങളില്‍ പിഎഫ്‌ഐ നിരോധനത്തിന് ശേഷം നിരവധി യോഗങ്ങള്‍ നടന്നതായിട്ടാണ് വിവരം.

അതേസമയം കേരള പോലീസ് കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് ശേഷം കാണിച്ച അലംഭാവം പിഎഫ്‌ഐയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കുന്നതായിരുന്നു. കേരളത്തില്‍ നടന്ന രഹസ്യ യോഗങ്ങള്‍ കണ്ടെത്തുവനോ നടപടി സ്വീകരിക്കുവാനോ കേരള പോലീസിന് സാധിച്ചില്ല. ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് പിഎഫ്‌ഐ ഹിറ്റ് സ്വാഡുകള്‍ രൂപികരിച്ചത്. പാലക്കാട്ട് ആര്‍എസ്എസ് കാര്യകര്‍ത്താവ് എ ശ്രീനിവാസന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു എന്നിവരുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ആയുധപരിശീലനം ലഭിച്ചിരുന്നു.

പിഎഫ്‌ഐയുടെ മുഖ്യ പരിശീലകന്‍ മുഹമ്മദ് മുബാറക്, ഹിറ്റ് സ്‌ക്വാഡിന് വിവരങ്ങള്‍ നല്‍കിയിരുന്ന മുഹമ്മദ് സാദിഖ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിനിടെയാണ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നത്. ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തുവരുകയാണ്.