പോലീസ് ഉദ്യോഗസ്ഥനാണ് എക്‌സൈസ് ഉദ്യോഗസ്ഥനാണ് എന്നുള്ളതുകൊണ്ട് സ്വന്തം കുടുംബങ്ങള്‍ പോലും ലഹരിയില്‍ നിന്ന് വിമുക്തരല്ലെന്ന് എക്‌സൈസ് കമ്മിഷണര്‍

തിരുവനന്തപുരം. എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങള്‍ പോലും ലഹരിയില്‍ നിന്നും വിമുക്തരല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എസ് അനന്ദകൃഷ്ണന്‍. നമ്മുടെ കുടുംബങ്ങളില്‍ പോലും ചിലര്‍ അത്തരം അപകടങ്ങളില്‍ ചെന്ന് ചാടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു എസ്പിയുടെ മക്കളും ചില ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമയാണെന്ന് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ യാത്രയയപ്പ് ചടങ്ങിലാണ് ഇപ്പോള്‍ എക്‌സൈസ് കമ്മീഷണറുടെ വെളിപ്പെടുത്തല്‍. നമ്മുടെ സേന അംഗങ്ങളുടെ അവസ്ഥ കണ്ട് പറയുകയാണ്. സമൂഹത്തിന് നേരെ ഉയരുന്ന വിപത്താണ് ലഹരി എന്നും ചൂണ്ടിക്കാട്ടി.

ജോലിയിലെ തീഷ്ണതയും സംഘര്‍ഷവും ചിലരെ സമാധാനത്തിനായി ലഹരിയുടെ വഴികളില്‍ എത്തിക്കുന്നു. യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനാണെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥനാണെങ്കിലും നമ്മുടെ കുടുംബങ്ങള്‍ ലഹരിയുടെ പിടിയില്‍ നിന്നും മുക്തരല്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഓരോ പ്രശ്‌നം വരുമ്പോഴും നമ്മുടെ നിലപാടിനെക്കുറിച്ച് ചിന്തിക്കണം. പോലീസ് ജോലിയുടെ അടിസ്ഥാന പ്രമാണം പൊതുജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.