താനൂർ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി .മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ച ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി ട്വീറ്റ് ചെയ്ത പ്രധാനമന്ത്രിയുടെ ഓഫിസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിക്കുകയുണ്ടായി.

താനൂർ ദുരന്തത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ‌ തിങ്കളാഴ്ച അപകടം നടന്ന താനൂരിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അപകടസ്ഥലം സന്ദർശിക്കുന്നുണ്ട്. തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റിവെക്കുകയുണ്ടായി.