പ്രഗ്നന്‍സി ടെസ്റ്റ് പോലെ സ്ട്രിപ് ഉപയോഗിച്ച് കോവിഡ് ഉടന്‍ ടെസ്റ്റ് നടത്താം

കോവിഡ് കാലം ആയതോടെ ലോകം മുഴുവന്‍ ദുരിതത്തിലായിരിക്കുകയാണ്.കോവിഡ് ടെസ്റ്റുകള്‍ നടത്താനെടുക്കുന്നതിലെ താമസം വളരെ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.ഇനിമുതല്‍ തനിയെ കോവിഡ് ടെസ്റ്റ് നടത്താം.മെന്‍സ്ട്രല്‍ സ്ട്രിപ് ഉപയോഗിച്ച് ഗര്‍ഭ പരിശോധന നടത്തുന്നത് പോലെ കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് നിലവില്‍ എത്തുക.ഇന്ത്യയില്‍ തന്നെയാണ് പേപ്പര്‍ സ്ട്രിപ്പ് രീതിയിലൂടെ കോവിഡ് ടെസ്റ്റ് നടത്താവുന്ന രീതി കണ്ടെത്തിയത്.എന്നാല്‍ മൂത്രം ഇറ്റിച്ചല്ല മറിച്ച് സ്രവം തന്നെ വേണം കോവിഡ് ടെസ്റ്റ് നടത്താന്‍.ഇക്കാര്യം വ്യക്തമാക്കി ഡോ.സുനില്‍ പികെ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ്,ഗര്‍ഭമുണ്ടോ എന്നറിയാന്‍ ഏതാനും തുള്ളി മൂത്രം ടെസ്റ്റ് ചെയ്യാനുള്ള സ്ട്രിപ്പില്‍ ഇറ്റിച്ച്, ആകാംക്ഷയോടെ,തെളിയുന്ന വരകളും നോക്കി നിന്ന നിമിഷങ്ങള്‍ നമ്മുടെ മിക്കവരുടേയും ജീവിതത്തില്‍ ഉണ്ടാകും.ഇത്തരത്തില്‍ കോവിഡും ടെസ്റ്റ് ചെയ്യാന്‍ പറ്റിയാലോ?പറ്റും!ടാറ്റയും CSIR IGIB യും കൈ കോര്‍ത്ത് നടത്തിയ ഗവേഷണത്തിനൊടുവില്‍ ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് ചെയ്യാനായി പേപ്പര്‍ സ്ട്രിപ്പ് രീതി വികസിപ്പിച്ചെടുത്തു.ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇതിന്റെ വാണിജ്യ വിപണനത്തിന് അനുമതിയും നല്‍കി.’ഫെലുദാ’എന്നാണ് ഈ ടെസ്റ്റിന് നല്‍കിയിട്ടുള്ള പേര്.(സത്യജിത് റായ് എഴുതിയ കുറ്റന്വേഷണ പരമ്പരയിലെ ഡിറ്റക്ടീവിന്റെ പേരാണിത്)പക്ഷേ മൂത്രം പോര കേട്ടോ…നേസല്‍ സ്വാബ് മുഖേന മൂക്കില്‍ നിന്നുള്ള സ്രവം തന്നെ വേണം.അതുകൊണ്ട് പ്രഗ്‌നന്‍സി ടെസ്റ്റ് പോലെ അത്ര ലളിതമായി ഇത് വീട്ടിലൊന്നും ചെയ്യാന്‍ പറ്റില്ല.പക്ഷേ വലിയ സാങ്കേതികസൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത ചെറു ലാബുകളില്‍ ഈ ടെസ്റ്റ് നടത്താനാകും.

പി.സി.ആര്‍ ടെസ്റ്റ് പോലെ തന്നെ കൃത്യതയും വിശ്വാസ്യതയും ഈ ടെസ്റ്റിനുണ്ട്.(96% Sensitivtiy,98% Specifictiy)ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ഈ ടെസ്റ്റിനെടുക്കൂ. വിലയും തുച്ഛമാണ്. അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം.രണ്ട് നീല വരകള്‍ തെളിഞ്ഞാല്‍ പോസിറ്റീവും ഒരെണ്ണമാണെങ്കില്‍ നെഗറ്റീവും.പ്രത്യേക തരം ജീന്‍ എഡിറ്റിംഗ് സങ്കേതമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.CRISPR(Clustered regularly interspaced short palindromic repeats)എന്നാണ് ഇതിന്റെ പേര്.ഭാരതം വീണ്ടും ലോകത്തിന് വഴി കാണിക്കുന്നു.കൂടുതല്‍ ഫലപ്രദമായ വാക്‌സിനും നമ്മുടേതാവട്ടെ എന്ന് പ്രത്യാശിക്കാം.