കോവിഡിന് മുന്നില്‍ തോല്‍ക്കാന്‍ മനസില്ല, ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതി യുവാവ്

കോവിഡ് എങ്കിലും പരീക്ഷ എഴുതാതിരിക്കാന്‍ ആ യുവാവിന് ആവുമായിരുന്നില്ല.ജീവിതമാണ് അത് കോവിഡിന് മുന്നില്‍ മുട്ടു മടക്കാനുള്ളതല്ലെന്ന് അവന് അറിയാമായിരുന്നു.പരീക്ഷ എഴുതണം എന്ന ആവശ്യം ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി അംഗീകരിച്ചതോടെ ഒടുവില്‍ അതീവ സുരക്ഷയില്‍ ആംബുലന്‍സില്‍ ഇരുന്ന് യുവാവ് പരീക്ഷ എഴുതി.ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പ്പറേഷന്‍(എച്ച്ഡിസി)പരീക്ഷയുടെ അവസാന ദിവസത്തെ പരീക്ഷയാണ് ആര്‍പ്പൂക്കര സ്വദേശിയായ യുവാവ് ആംബുലന്‍സില്‍ ഇരുന്ന് എഴുതിയത്.

തിരുനക്കര എന്‍എസ്എസ് കോഓപ്പറേറ്റീവ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം.എംജി സര്‍വകലാശാലയുടെ ക്യാംപസിന് സമീപം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കോവിഡ് ബാധിച്ച് കഴിയുകയായിരുന്നു.പരീക്ഷ എഴുതണം എന്ന് അറിയിച്ചതോടെ.ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 108 ആംബുലന്‍സില്‍ യുവാവിനെ തിരുനക്കര വടക്കേനടയില്‍ കൂടി പരീക്ഷാ കേന്ദ്രത്തിന് സമീപം എത്തിച്ചു.പരീക്ഷാ സമയം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു.പരീക്ഷ ചുമതലയുള്ള അധ്യാപകന്‍ ചോദ്യക്കടലാസ് ആരോഗ്യ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു.ഇവര്‍ ഇത് യുവാവിന് കൈമാറി.പരീക്ഷ പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ആംബുലന്‍സില്‍ യുവാവിനെ തിരികെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിക്കുകയും ചെയ്തു.കഴിഞ്ഞ 22നാണ് എച്ച്ഡിസി പരീക്ഷ ആരംഭിച്ചത്.ആകെ 5 ദിവസത്തെ പരീക്ഷയാണ് ഉണ്ടായിരുന്നത്.അവധി ദിവസങ്ങള്‍ കഴിഞ്ഞ് അവസാനദിവസത്തെ’കംപ്യൂട്ടര്‍’പരീക്ഷ മാത്രം ശേഷിക്കെയാണു യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്.