എസ്‌ഐയുടെ പേരില്‍ വ്യാജ അക്കൗണ്ട്, തട്ടിയത് 8000 രൂപ

തൃശൂര്‍: വരന്തരപ്പിള്ളി എസ്‌ഐ ഐ.സി. ചിത്തരഞ്ജന്റെ പേരില്‍ വ്യാജ സന്ദേശം.’അമ്മയ്ക്കു സുഖമില്ല,ആശുപത്രി ചെലവിനു സഹായിക്കണം..’എന്നായിരുന്നു പ്രചരിച്ച മെസേജ്.ഈ സന്ദേശം വിശ്വസിച്ച് സുഹൃത്തുക്കളില്‍ ഒരാള്‍ അക്കൗണ്ടില്‍ കണ്ട മൊബൈല്‍ നമ്പറിലേക്ക് 8000 രൂപ അയച്ചു.അക്കൗണ്ട് വ്യാജമാണെന്നും ആരോ തട്ടിപ്പു നടത്തുകയാണെന്നും മനസ്സിലാക്കിയ എസ്‌ഐ തന്റെ യഥാര്‍ഥ ഐഡിയില്‍ ഇതു സംബന്ധിച്ചു വിവരങ്ങള്‍ വ്യക്തമാക്കി.

‘എന്റെ പേരില്‍ ആരോ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലാണിത്.ആരും പണം അയച്ചുകൊടുത്തു വഞ്ചിതരാകരുത്..’ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് അറിയുന്നതെനന്നും അദ്ദേഹം പറയുന്നു.എസ്‌ഐയുടെ ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും യഥാര്‍ഥ അക്കൗണ്ടില്‍ നിന്നു പകര്‍ത്തിയാണ് ഇതേ പേരില്‍ വ്യാജ ഐഡി നിര്‍മ്മിച്ച് എടുത്തത്.വ്യാജ ഐഡിയിലെ ഫോണ്‍ നമ്പറാണ് സഹായാഭ്യര്‍ഥനയ്‌ക്കൊപ്പം ചേര്‍ത്തിരുന്നത്.

എസ്‌ഐയുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഒട്ടേറെ പേര്‍ക്ക് ഇതേ നിര്‍ദേശം ലഭിച്ചു.തട്ടിപ്പാണെന്ന് മനസ്സിലായതോടെ എസ്‌ഐ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയായിരുന്നു.പണം തട്ടിയെടുത്ത അക്കൗണ്ട് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്തു.വിശദമായ പരിശോധനയില്‍ ഹരിയാനയിലാണ് വ്യാജ ഐഡി സൃഷ്ടിക്കപ്പെട്ടത് എന്ന് വ്യക്തമായി.5000 സുഹൃത്തുക്കള്‍ വീതമുള്ള 3 ഫെയ്‌സ്ബുക് ഐഡികള്‍ എസ്‌ഐ ചിത്തരേശനുണ്ട്.എന്നാല്‍, വ്യാജമായി ഉണ്ടാക്കിയ ഐഡിയില്‍ 150 സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ.

എസ്‌ഐയുടെ കുറിപ്പ് ഇങ്ങനെ,’എന്റെ പേരില്‍ ക്രിയേറ്റ് ചെയ്യപ്പെട്ട വ്യാജ പ്രൊഫൈലാണത്.ഈ അക്കൗണ്ടില്‍ നിന്നു പണം ആവശ്യപ്പെട്ടു പലര്‍ക്കും മെസേജ് പോകുന്നുണ്ട്.പ്രിയസുഹൃത്തുക്കള്‍ ദയവായി പണം അയച്ചുകൊടുക്കരുത്.സൈബര്‍ സെല്‍ വഴി അന്വേഷിക്കുന്നുണ്ട്.വ്യാജ അക്കൗണ്ട് ലിങ്ക് ഇതോടൊപ്പം.എല്ലാവരും ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക,നന്ദി..’