വ്യാജ ഡിഗ്രി കേസ്, അബിൻ രാജ് കുറ്റം സമ്മതിച്ചു, ഏജൻസിയെ കുറിച്ച് അറിഞ്ഞത് പഠിച്ച കോളേജിന് മുന്നിൽ വിതരണം ചെയ്ത നോട്ടീസിൽ നിന്നെന്ന് മൊഴി

ആലപ്പുഴ : വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ രാജ് കുറ്റം സമ്മതിച്ചു. എറണാകുളത്തെ ഏജൻസിയിൽ നിന്നുമാണ് നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും അബിൻ രാജ് പോലീസിനോട് പറഞ്ഞു. സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകുന്നതിനായി നിഖിലിൽ നിന്ന് പണം കൈപ്പറ്റിയതായും അബിൻ സമ്മതിച്ചിട്ടുണ്ട്.

എസ്എഫ്‌ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. താൻ പഠിച്ച കോളേജിന് മുന്നിൽ വിതരണം ചെയ്ത നോട്ടീസിൽ നിന്നാണ് ഏജൻസിയെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് അബിനിന്റെ മൊഴി. അബിൻ സി രാജ് കൊച്ചിയിലെ ഒറിയോൺ ഏജൻസി വഴിയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. വ്യാജ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചിലവാക്കിയതെന്നും നിഖിൽ തോമസ് മൊഴി നൽകിയിരുന്നു.

കേസിൽ ഒന്നാം പ്രതി നിഖിൽ തോമസ് അറസ്റ്റിലായതിന് പിന്നാലെയാണ് വ്യാജ ഡിഗ്രിയെന്ന ആശയത്തിന് പിന്നിലെ സൂത്രധാരൻ അബിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അബിൻ സഹായിച്ചെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. തുടർന്ന് മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മർദ്ധം ചെലുത്തി നാട്ടിൽ എത്തിക്കുകയായിരുന്നു.

കേസിൽ രണ്ടാം പ്രതിയായ അബിനെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാലിദ്വീപിൽനിന്ന് എത്തിയപ്പോൾ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം കേസിൽ പ്രതിയായതിന്
പിന്നാലെ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി.രാജിന്റെ മാലിയിലെ ജോലി നഷ്ടമാതായാണ് റിപ്പോർട്ട്. അബിന്റെ സിമ്മും വർക്ക് പെർമിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായാണ് വിവരം. അബിൻ മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.