കർഷകന്റെ മരണം, കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാനായില്ലെങ്കിൽ വെടി വച്ച് കൊല്ലാം

കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ നടപടികളുമായി അധികൃതര്‍. കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടാൻ പരമാവധി ശ്രമിക്കണമെന്നും ഉത്തരവിൽ പറയുന്നു. കർഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഇദ്ദേഹം. പറമ്പില്‍നിന്നുലഭിച്ച കാര്‍ഷിക വിളകളെല്ലാം ചാക്കിലാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.