ഒരു ബസ് കണ്ടക്ടര്‍ അയാളുടെ ജീവിതമുരുക്കി പഠിപ്പിച്ച് മകളെ ഐഎസുകാരിയാക്കി, ശ്രീറാം വെങ്കിട്ടരാമനോടുള്ള വെറുപ്പ് രേണു രാജിനോട് വേണോ? കുറിപ്പ് വൈറലാകുന്നു

ഇന്നലെ സ്‌കൂളുകള്‍ക്ക് ലീവ് അനുവദിക്കാന്‍ വൈകി എന്ന കാരണത്താല്‍ എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിന് സോഷ്യല്‍ മീഡിയയില്‍ വലിയതരം സൈബറാക്രമാണ് നേരിടുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ ആയതിനാലാണ് കൂടുതല്‍ പേരും ഇവരെ സൈബറാക്രമണത്തിന് ഇരയാക്കുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ രേണു രാജ് ആരായിരുന്നെന്നും എന്തായിരുന്നെന്നും വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. മോളിവുഡ് കഫേ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഇത്‌ എറണാകുളം ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ്.
ഒര് ബസ് കണ്ടക്ടർ അയാളുടെ ജീവിതം ഉരുക്കി മകളെ പഠിപ്പിച്ച് ഐഎഎസുകാരിയാക്കിയ കഥ കേട്ടിട്ടില്ലേ.. അത്‌ ഇവരാണ്..
സ്കൂൾ അവധി പ്രഖ്യാപിക്കാൻ വൈകി എന്നതിന്റെ പേരിൽ കാക്കതൊള്ളായിരം തെറികളും അധിക്ഷേപങ്ങളും ഇന്നവർ സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്..
പോരാതെ ഇവർക്കെതിരെ ഉടനടി ഹൈക്കോടതി വരെ പരാതിയും പോയി..
ശുഷ്‌കാന്തി ഭയങ്കരം.

എറണാകുളം ജില്ലയിൽ ഇതേ വരെ വളരെ നന്നായി കാലാവസ്ഥ കെടുതിയടക്കമുള്ള കാര്യങ്ങൾ മാനേജ് ചെയ്ത് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ്.. അതിനിടെ സ്കൂൾ ലീവ് പ്രഖ്യാപിക്കുന്നതിൽ വന്ന കാല താമസം വളരെ വലിയൊരു പിഴവായി തോന്നുന്നില്ല..മഴയ്ക്ക് ശമനമുണ്ടാകും എന്ന കാലാവസ്ഥ നിരീക്ഷണത്തെ ഡിപെൻഡ് ചെയ്തത് കൊണ്ടാവാം സ്കൂൾ അവധി പ്രഖ്യാപിക്കാൻ വൈകിയത്.

ശ്രീറാം വെങ്കിട്ടരാമനോട് എതിർപ്പുണ്ടാകാം.. നീരസമുണ്ടാകാം..
പക്ഷേ അതിന്റെ പേരിൽ അയാളുടെ ഭാര്യയെ ക്രൂശിച്ചേക്കാം എന്ന് കരുതുന്നതും വൈരാഗ്യം വെച്ച് പുലർത്തുന്നതും നല്ല പ്രവണതയല്ല..
ക്രൈസിസ് മാനേജ് ചെയ്യുന്നത് മനുഷ്യരാണ്.. ഇപ്പോഴേ പല പ്രദേശങ്ങളും വെള്ളത്തിനു അടിയിലാണ്.. കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്… ബുദ്ധിമുട്ടുകൾ എല്ലാ വിഭാഗം പൗരൻമാർക്കുമുണ്ട്.

ഈ കോരി ചൊരിയുന്ന മഴയത്തും ഇലക്ട്രിക് പോസ്റ്റിൽ കയറി കെഎസ്ഇബി തൊഴിലാളികൾ പെടാ പാട് നടത്തുന്നത് കണ്ട് വരുന്ന വഴിയാണ്..അതുപോലെ എത്രയോ പേർ.. അതിനിടെ വൈര്യ നിര്യാതന ബുദ്ധിയോടെ നിസാര കാര്യങ്ങൾക്ക് ഒരാളെയങ് ഇടിച്ചു താഴ്ത്തി ഇല്ലാതാക്കാൻ വല്ലാതെ വെമ്പരുത്.. അപേക്ഷയാണ്..