ഫഹദിന്റെ സിനിമകള്‍ വിലക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഫിയോക്, ഒടിടി സിനിമകള്‍ സംബന്ധിച്ച് വിശദീകരണം

ഒടിടി സിനിമകളുമായി സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് തിയറ്റര്‍ സംഘടനയായ ഫിയോക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണില്‍ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങള്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായും ഇവര്‍ അറിയിച്ചു.

ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തില്‍ തിയറ്റര്‍ റിലീസ് ആയി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. സീ യു സൂണ്‍, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.