സ്വപ്നയുടെ ‘ചതിയുടെ പത്മവ്യൂഹം’ ബിഗ് സക്രീനിലേക്ക്? സിനിമയാക്കും,അവകാശം ചോദിച്ച് സിനിമാക്കാരെത്തി

സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചതായി പുസ്തകം പുറത്തിറക്കിയ തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് താൻ ശിവശങ്കറെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് ആത്മബന്ധമായി മാറി. ശിവശങ്കറുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സ്വപ്‌ന വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നു.

എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിർത്തുവാൻ എന്ത് വില നൽകുവാനും എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാൻ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ തന്നെ പാർവ്വതി എന്നാണ് ശിവശങ്കർ വിളിച്ചതെന്ന് സ്വപ്‌ന പറയുന്നു.