കിഫ്ബിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ദുഷ് പ്രചരണങ്ങള്‍ മാത്രമാണെന്ന് ധനമന്ത്രി

കിഫ്ബിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ദുഷ് പ്രചരണങ്ങള്‍ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്ന സ്ഥാപനമായി അധപതിച്ചുവെന്നും ധനമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ ഫെമ നിയമ പ്രകാരം വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍ ഏതെങ്കിലുമൊരു സ്ഥാപനത്തിന് അനുവാദം നല്‍കേണ്ടത് ആര്‍ബിഐയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇഡി ഗൂഢ ലക്ഷ്യത്തോട് കൂടി പെരുമാറുന്നത്. ആ അനുമതി കിഫ്ബിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബിയ്‌ക്കെതിരെ സിഎജി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം സ്വന്തം പദവിയുടെ ഭരണഘടനാ വിശുദ്ധിയും അന്തസും ബലികഴിച്ചുള്ള നഗ്‌നമായ രാഷ്ട്രീയക്കളിയാണെന്ന് നേരത്തെ ധനമന്ത്രി ആരോപിച്ചിരുന്നു. സിബിഐയെ കൂട്ടിലടച്ച തത്തയാക്കിയവര്‍ സിഎജിയെ തുടലഴിച്ചുവിട്ട വേട്ടനായയാക്കിയിരിക്കുന്നു. ഇതൊന്നും കേരളം അനുവദിച്ചു തരില്ല. 2016ലെ കിഫ്ബി നിയമഭേദഗതിക്കുമുമ്പ് 5 തവണ സി ആന്റ് എജി പരിശോധന നടന്നു. ഒരിക്കല്‍പ്പോലും വായ്പയെടുക്കുന്നത് അനധികൃതമാണെന്നോ ഭരണഘടനാ വിരുദ്ധമാണെന്നോ നിലപാട് എടുത്തിട്ടില്ല.

ഇക്കൊല്ലത്തെ എജിയുടെ സമഗ്രമായ ഓഡിറ്റ് ജനുവരി മാസത്തിലാണ് ആരംഭിച്ചത്. ആവശ്യപ്പെട്ട രേഖകളെല്ലാം അവര്‍ക്കു നല്‍കിയിരുന്നു. സമ്പൂര്‍ണ്ണമായും ഇ ഗവേണന്‍സ് നടപ്പാക്കിയിട്ടുള്ള കിഫ്ബിയുടെ ഏത് ഫയലും കാണുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം പാസുവേര്‍ഡ് അടക്കം കൈമാറിക്കൊണ്ട് നല്‍കുകയാണ് ചെയ്തത്. കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഓഡിറ്റ് വേളയിലോ എക്‌സിറ്റ് വേളയിലോ ഒരു ചോദ്യംപോലും എജി ഉന്നയിച്ചിട്ടില്ല. എന്നിട്ടിപ്പോള്‍ കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന റിപ്പോര്‍ട്ടുമായി ഇറങ്ങിയിരിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നും മന്ത്രി തോമസ് ഐസക് ചോദിച്ചിരുന്നു.