ഉറ്റവര്‍ ദൂരെ, വീട്ടില്‍ മരണമടഞ്ഞ അമ്മയുടെ മൃതദേഹവുമായി എന്ത് ചെയ്യണമെന്നറിയാതെ മകള്‍, സംസ്‌കരിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കിയത് ഫയര്‍ ഫോഴ്‌സ്

തിരുവനന്തപുരം: വീട്ടില്‍ മരണം അടഞ്ഞ അമ്മയുടെ മൃതദേഹം പുറത്ത് കൊണ്ടുപോയി സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിച്ചത് അഗ്നിശമന സേന. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദൂരദിക്കുകളിലായ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അഗ്നിശമന സേന സഹായത്തിന് എത്തിയത്. തിരുവനന്തപുരം വെള്ളയമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന ആറ്റുകാല്‍ മേടമുക്ക് സ്വദേശിനി സരസ്വതിയമ്മ (86) ആണ് മരിച്ചത്. സരസ്വതിയമ്മയുടെ മൃതദേഹം ചെങ്കല്‍ച്ചൂള ഫയര്‍ഫോഴ്‌സ് സ്റ്റേഷനിസെ അഗ്നിശ്മന സേന ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ ശാന്തി കവാടത്തില്‍ സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ ആയിരുന്നു സരസ്വതി മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഏതാനും വര്‍ഷങ്ങള്‍ മുമ്പാണ് ഇവരുടെ അമ്മ മരിച്ചത്. സംഭവ സമയം മകള്‍ പ്രീത മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നൊള്ളൂ. പ്രീതയുടെ ഭര്‍ത്താവ് ജോലി ആവശ്യത്തിനായി മുംബൈയില്‍ തങ്ങുന്നതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അതിനാല്‍ മകളുടെ ഭര്‍ത്താവിന് വീട്ടില്‍ എത്താന്‍ ആയില്ല.

സരസ്വതിയുടെ മകന്‍ ജയന്‍ താമസിക്കുന്നത് കൊച്ചിയിലാണ്. അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ സഹായത്തിന് ആളില്ലാത്ത അവസ്ഥയില്‍ പ്രീത രാവിലെ ഒമ്പത് മണിക്ക് ഫയര്‍ ഫോഴ്‌സിലേക്ക് വിളിക്കുകയും വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ചെങ്കല്‍ തൂള ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ സുധിന്‍ എന്നിവര്‍ വീട്ടില്‍ എത്തി.

ഉടന്‍ തന്നെ ഇവര്‍ ആംബുലന്‍സ് വിളിച്ച് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെ സാധാരണ മരണമാണെന്നു സ്ഥിരീകരിച്ചു. വിവരം മ്യൂസിയം പൊലീസിനെയും അറിയിച്ചിരുന്നു. പിന്നീട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിച്ചതും അഗ്‌നിശമനസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്ന് ആയിരുന്നു. ഉച്ചയോടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.