രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോട് ചേർന്ന് ഏകദേശം 14 ഏക്കർ സ്ഥലത്താണ് ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ നൂതന ദർശനത്തോടെയാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

സർവകലാശാലകൾ, വ്യവസായം, സർക്കാർ എന്നിവ തമ്മിലുള്ള ആശയവിനിമയം വികസിപ്പിക്കുകയും പ്രയോജനപ്പെടുകയും ചെയ്യും. വ്യവസായ യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട്ട് ഹാർഡ് വെയർ, സുസ്ഥിര -സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും വേണ്ട സൗകര്യങ്ങൾ ഒരുക്കും.

രണ്ട് കെട്ടിടങ്ങളാണ് പാർക്കിൽ തുടക്കത്തിൽ ഉണ്ടാവുക. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും ഇത്. ഒന്നര ലക്ഷം ചതുരശ്രയടി ഉള്ളതാണ് ആദ്യ കെട്ടിടം. ആദ്യത്തെ കെട്ടിടത്തിൽ റിസർച്ച് ലാബുകളും ഡിജിറ്റൽ ഇൻക്യുബേറ്ററും ഉൾപ്പെടെ അഞ്ച് നിലകളും ഹൗസിംഗ് സെന്റർ ഓഫ് എക്സലൻസും ഉണ്ടായിരിക്കും. രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് സെന്റർ, ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ എന്നിവയുണ്ടായിരിക്കും.