പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ, പുതപ്പിനടിയിലായിരുന്നത് ആഘാതം കൂട്ടി

തൃശൂർ: എട്ടു വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ ഫോൺ പൊട്ടിത്തെറിച്ചെന്ന് കണ്ടെത്തൽ. ഫൊറൻസിക് നടത്തിയ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. അപകട സമയത്ത് ഫോൺ പുതപ്പിനടിയിലായിരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പൊലീസ് അറിയിച്ചു.

കുട്ടിയുടെ അച്ഛന്റെ അനുജൻ മൂന്ന് വർഷം മുൻപ് പാലക്കാട് നിന്ന് വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം അവിടെ ചെന്ന് തന്നെ ബാറ്ററി മാറ്റുകയും ചെയ്തിരുന്നു. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.

സംഭവം നടക്കുമ്പോൾ മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് കുട്ടിയുടെ അച്ഛൻ അശോക് കുമാർ പറഞ്ഞത്. അപകട വിവരം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അപകട സമയത്ത് പുതപ്പിനടിയിൽ കിടന്ന് കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മുത്തശി പൊലീസിനോട് പറഞ്ഞത്. ഈ സമയം താൻ ഗുളിക എടുക്കുവാനായി പുറത്തേക്ക് പോവുകയും പിന്നാലെ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് തിരിച്ചെത്തിയതെന്നും ഇവർ പറഞ്ഞു. ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടതെന്നും അവർ പറഞ്ഞു.

പട്ടിപ്പറമ്പ്‌ മാരിയമ്മൻ കോവിലിന് സമീപം കുന്നത്തു വീട്ടിൽ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പഴയന്നൂർ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അശോക്‌ കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൌമ്യയുടെയും മകളാണ് ആദിത്യശ്രീ. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌.