അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ സംഘം ഇറാൻ ജയിലിൽ, സംഘത്തിൽ മലയാളികളും

അജ്മാൻ : മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള സംഘം ഇറാൻ സേനയുടെ പിടിയിലായി
സമുദ്ര അതിർത്തി ലംഘിച്ചതിന് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെയുള്ള ഏഴു പേരെയാണ് ഇറാൻ സേന പിടികൂടി ജയിലിലാക്കിയത്. ഒരാഴ്ചയായി ഇവർ ജയിലിൽ കഴിയുകയാണെന്നാണ് വിവരം.

തടവിലായ മലയാളികൾ തങ്ങളുടെ ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ നിന്നുമാണ് വിവരം പുറം ലോകം അറിയുന്നത്. അജ്മാനിൽ നിന്നും ജൂൺ 18 ഞായറാഴ്ച മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടുന്ന ഒൻപത് അംഗ സംഘമാണ് ജയിലിലായത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ സാജു ജോസ്, മാമ്പള്ളി സ്വദേശി ആരോഗ്യ ദാസ് ,ഡെന്നിസൺ പൗലോസ്,സ്റ്റാലിൻ വാഷിംഗ്ടൺ,ഡിക്സൺ തുടങ്ങിയ അഞ്ചുപേരാണ് സംഘത്തിലെ മലയാളികൾ.

ഇവരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ടു പേരും കൂടി ഇറാൻ സേനയുടെ പിടിയിലായവരിലുണ്ട്.
മത്സ്യ തൊഴിലാളികൾ പിടിയിലായ വിവരം ബന്ധുക്കൾക്ക് കഴിഞ്ഞ തിങ്കളാഴ്ച തന്നെ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സാജു ജോസ് താൻ ഇറാൻ സേനയുടെ തടവിലാണെന്ന വിവരം ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചത്. നിലവിലുള്ള ജയിലിൽ നിന്നും മാറ്റി മറ്റു ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും അറിയിച്ചു. എണ്ണകൾ അതേസമയം പോലീസിന് ഇതേക്കുറിച്ച് വിവരം ഒന്നും തന്നെ ലഭിച്ചിട്ടില്ല.