മലപ്പുറത്ത് കനത്ത മഴ, പുഴയിൽ വീണ് 2 പേരെ കാണാതായി, തിരച്ചിൽ തുടരുന്നു

മലപ്പുറം: ജില്ലയിൽ മഴ തുടരുന്നു. പലയിടങ്ങളിലും വ്യാപകനാശനഷ്ടമുണ്ടായി. പൂക്കോട്ടുംപാടം അമരമ്പലത്ത് കുതിരപ്പുഴയിൽ വീണ് രണ്ടു പേരെ കാണാതായി. നായാട്ടുകല്ല് സ്വദേശി ബാബുരാജ്-സന്ധ്യ ദമ്പതികളുടെ മകൾ അനുശ്രീ (12), അമ്മ സുശീല (60) എന്നിവരെയാണ് കാണാതായത്. ബലിയിടൽ കർമത്തിനായി കടവിലിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പുലർച്ചെ അഞ്ചരയോടെയാണ് കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ സന്ധ്യയെ രക്ഷപ്പെടുത്തിയത്.

കനത്ത മഴയെ തുടർന്ന് നിലമ്പൂർ വഴിക്കടവിൽ താൽകാലിക പാത ഒലിച്ചുപോയി. പഞ്ചായത്തങ്ങാടി-മരുത റൂട്ടിൽ കാരക്കോടൻ പുഴയിൽ നാട്ടുകാർ നിർമിച്ച താൽകാലിക പാതയാണ് ഒലിച്ചുപോയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വഴിക്കടവ് – മരുത റൂട്ടിൽ പഞ്ചായത്തങ്ങാടിക്ക് സമീപം കാരക്കോടൻ പുഴക്ക് കുറുകെയുള്ള പാലത്തിന് പകരം പുതിയ പാലത്തിന്റെ നിർമാണം നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരാണ് താൽകാലിക പാത നിർമിച്ചത്.

ചെറുവാഹനങ്ങൾ മാത്രമായിരുന്നു ഈ വഴി കടന്നുപോയിരുന്നത്. നിലമ്പൂർ ഭാഗത്തുനിന്നും, വഴിക്കടവ് ഭാഗത്തുനിന്നും മരുത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാലാട് മാമാങ്കര റോഡ് വഴിയോ എടക്കര പാലേമാട് റോഡ് വഴിയോ തിരിഞ്ഞു പോകാനാണ് നിർദേശം. മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.