ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല, ചിലരോട് ദേഷ്യപ്പെടാറുണ്ട്- നിഖില വിമൽ

പുതുമുഖ നടിമാരിൽ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നിഖില. ഒരു അഭിമിഖത്തിൽ ബീഫിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയേക്കാൾ നിഖിലയെ പ്രേക്ഷകർ ശ്രദ്ധിച്ചത് ദിലീപിന്റെ നായികയായി ലവ് 24.7-ൽ അഭിനയിച്ച ശേഷമാണ്. അതിലെ കബനി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. അതിന് ശേഷം തമിഴിൽ വെട്രിവേൽ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് അവിടെയും അരങ്ങേറിയിരുന്നു.

സിനിമയിലേതു പോലെ അഭിമുഖങ്ങളിലും കാണികളുടെ കെെയ്യടി നിഖില്കക് ലഭിക്കാറുണ്ട്. ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്ന തരത്തിലുള്ള ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വരാറുണ്ട്, ചിലരെ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നൊക്കെ പറയുകയാണ് നിഖില വിമൽ. വാക്കുകളിങ്ങനെ

സിനിമയിൽ ഒരു പാവം കുട്ടി എന്ന ഇമേജ് ആയിരുന്നു തനിക്ക്. ഞാൻ പാവമല്ല, ദേഷ്യവും സങ്കടവുമൊക്കെയുള്ള സാധാരണ വ്യക്തിയാണ്. കുറച്ചൊക്കെ അഹങ്കാരവും ജാഡയും ഉണ്ട്. ദേഷ്യം തോന്നിയാൽ ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടും. ഇനി ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്.

ആരാധകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. അതുകൊണ്ട് അധികം പ്രതികരണങ്ങൾ കൊടുക്കാറില്ല. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വന്നിട്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ചില കാര്യങ്ങൾ ചെയ്യരുതെന്ന് പറയാറുണ്ട്. നമ്മളോടുളള ഇഷ്ടത്തിന്റെ പുറത്തായിരിക്കും ഓരോന്ന് ചെയ്യുന്നത്. എനിക്ക് കുഴപ്പമില്ല. പക്ഷേ എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുമ്പോഴാണ് ദേഷ്യം വരുന്നത്.

ആളുകളോട് സംസാരിക്കുമെങ്കിലും സംഭാഷണം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് കഴിയില്ല. ഞാനൊരു ആരാധകൻ അല്ലെങ്കിൽ ആരാധികയാണ്, ഇഷ്ടമാണ് എന്നൊക്കെ ഒരാൾ വന്നു പറഞ്ഞാൽ എന്ത് മറുപടി പറയണമെന്ന് അറിയില്ല. എന്റെ പരിചയക്കാരിൽ കൂടുതലും സിനിമയുമായി ബന്ധം ഇല്ലാത്തവരാണ്. അവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ട് തന്നെ അവർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ അവരുടെ ചിത്രങ്ങൾ പോലും ഞാൻ അധികം സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കാറില്ല. എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്നു എന്നു തോന്നുമ്പോഴാണ് എനിക്കു ദേഷ്യം വരുന്നതും അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയേണ്ടി വരികയും ചെയ്യുന്നത്.