എടവണ്ണയിലെ സദാചാര സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

മലപ്പുറം. വിദ്യാര്‍ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചു നില്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ സംഭവം ചോദ്യം ചെയ്തവരെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ പോലീസ് പിടിയില്‍. പഞ്ചായത്ത് അംഗം ജസീല്‍ മാലങ്ങാടന്‍ സിപിഎം ലോക്കല്‍സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. ഈ മാസം 13ന് എടവണ്ണ സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.

എടവണ്ണ സ്‌കൂള്‍ വിദ്യാര്‍ഥിയായും വണ്ടൂരിലെ കോളേജ് വിദ്യാര്‍ഥിനിയായ സഹോദരിയും സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇത് ഒരാള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. പിന്നാലെ ജനകീയക്കൂട്ടായ്മ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. അഞ്ച് മണിക്ക് ശേഷം വിദ്യാര്‍ഥികളെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കണ്ടാല്‍ കൈകാര്യം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പിന്നാലെ മറുപടി ഫ്‌ലക്‌സും ഉയര്‍ന്നിരുന്നു.