ദേഹപരിശോധനയുടെ പേരില്‍ വിദേശ വനിതകളെ പീഡിപ്പിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി

ദേഹപരിശോധനയുടെ പേരില്‍ വിദേശ വനിതകളെ പീഡിപ്പിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ ഹൂഡെയെയാണ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഉസ്ബക്കിസ്താനില്‍ നിന്നും വന്ന രണ്ടു യുവതികളെയാണ് ദേവേന്ദ്ര കുമാര്‍ ഉപദ്രവിച്ചത്.

വനിതാ ഉദ്യോഗസ്ഥരുടെ സാമീപ്യമില്ലാതെയാണ് ഇയാള്‍ വിദേശ വനിതകളെ ദേഹ പരിശോധന നടത്തിയത്. ശേഷം പരിശോധനാ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഏവിയേഷന്‍ ഇന്റലിജന്‍സ് യൂണിറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂണിറ്റിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് വ്യക്തമായി. പീഡനത്തിന് ഇരയായ വിദേശ വനിതകള്‍ അന്വേഷണ സമിതിക്ക് മുന്‍പില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണ സമിതി നല്‍കിയ ശുപാര്‍ശ അനുസരിച്ച് ഉദ്യോഗസ്ഥന് സ്വയം വിരമിക്കല്‍ ഉത്തരവ് നല്‍കുകയായിരുന്നു.