കെ.എം ഷാജിയുടെ വീട്ടില്‍ വിദേശ കറന്‍സികളും, കുട്ടികളുടെ ശേഖരമെന്ന് ന്യായീകരണം

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി കണ്ടെടുത്തതായി വിജിലന്‍സ്. കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് സംഘം വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. എന്നാല്‍ കുട്ടികളുടെ ശേഖരമാണ് ഇതെന്ന് ഷാജി വിജിലന്‍സ് അധികൃതരോട് അറിയിച്ചു.

മഹസറില്‍ രേഖപ്പെടുത്തിയ ശേഷം വീട്ടില്‍ തിരികെ വച്ചു. ഇതിനു പുറമെ മാലൂര്‍ കുന്നിലെ വീട്ടില്‍ നിന്നു 72 രേഖകളും 39,000 രൂപയും 50 പവന്‍ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. അഴീക്കോട് നിന്ന് ആദ്യമായി എംഎല്‍എ ആയ ശേഷം 28 തവണ ഷാജി വിദേശ യാത്ര നടത്തിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച കണ്ണൂര്‍ അഴീക്കോട് മണലിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ബന്ധുവിന്റെ ഭൂമി ഇടപാടിനു വേണ്ടി കൊണ്ടുവച്ച പണമാണെന്നും മതിയായ രേഖകളുണ്ടെന്നും ഇത് തെളിയിക്കാന്‍ ഒരു ദിവസത്തെ സാവകാശം വേണമെന്നുമായിരുന്നു ഷാജി ആവശ്യപ്പെട്ടത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങളുടെ റിപോര്‍ട്ട് വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണ്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.