ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ വീട്ടമ്മയില്‍ നിന്നും 1.12 കോടി തട്ടിയെടുത്ത നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം. ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ എറണാകുളം സ്വദേശിയായ വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് 1.12 കോടി രൂപ. കേസില്‍ നാല് ഉത്തരേന്ത്യക്കാരെ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ജ്യോതിഷ് കുമാര്‍. അജിത് കുമാര്‍, മോഹന്‍കുമാര്‍, അജിത് കുമാര്‍ റാഞ്ചി സ്വദേശികളായ നീരജ് കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരില്‍ നിന്നും ക്രൈംബ്രാഞ്ച് 1.25 ലക്ഷം രൂപയും 85 എടിഎം കാര്‍ഡുകളും, എട്ട് സിം കാര്‍ഡുകളും, 28 മൊബൈല്‍ ഫോണുകളും വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും പിടിച്ചെടുത്തു. പിടികൂടിയ പ്രതികളെ റാഞ്ചി കോടതിയില്‍ ഹാജരാക്കി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ കേരളത്തിലേക്ക എത്തിക്കും. സ്‌നാപ്ഡീലിന്റെ ഉപഭോക്താക്കള്‍ക്കായി നടത്തിയ ലക്കി ഡ്രോയില്‍ ഒന്നരകോടി ലഭിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

തുടര്‍ന്ന് പ്രതികള്‍ വീട്ടമ്മയില്‍ നിന്നും പലപ്പോഴായി സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ 12 ലക്ഷം രൂപയോളം വാങ്ങുകയായിരുന്നു. ഇത്തരത്തില്‍ തട്ടിച്ചെടുക്കുന്ന പണം പിന്‍വലിച്ച ശേഷം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. പ്രതികള്‍ ഇന്ത്യയില്‍ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പാസ് വേഡ് കൈക്കലാക്കുന്ന പ്രതികള്‍ അക്കൗണ്ട് ഉടമകളുടെ ഫോണ്‍നമ്പര്‍ മാറ്റി അവരുടെതാക്കുകയായിരുന്നു.