പണ സ്വാധീനം സഭകളേ തകർക്കുന്നു, തുറന്നടിച്ച് ഫാ. തേലക്കാട്ട്, ഇനിയും മിണ്ടാതിരുന്നാൽ…

കണ്ടും കേട്ടും മടുത്ത ഒരു വൈദീകന്റെ നീതിയുടെ ഹൃദയ തുടിപ്പുകൾ ആണ്‌ ഈ എഴുത്ത്.ഇത് വായിക്കാതെ പോകരുത്..ഇരുട്ടിലേക്ക് ദൈവത്തിന്റെ ഉടമസ്ഥർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ വീണ്‌ പോകുമ്പോൾ വിശ്വാസ സമൂഹത്തിലേക്ക് വെളിച്ചം ആകും ഈ വൈദീകന്റെ വാക്കുകൾ..വിശ്വാസ ജീവിതം നയിച്ച് നിരാശയിലും, നാണക്കേടിലും കഴിയുന്ന ദൈവ ജനത്തിനു കരുത്താണ്‌ ഈ വൈദീകന്റെ എഴുത്ത്.പണത്തെ ദൈവമാക്കുന്ന പൈശാചിക വസന്തയില്‍പ്പെട്ടവര്‍ക്കു ബാക്കിയെല്ലാം ഇരകളാണ്‌, തല്ലിക്കൊല്ലാനും വ്യഭിചരിക്കാനും. പണത്തിന്റെ കെണിയില്‍ വീണവര്‍ ലൈംഗിക വൈകൃതങ്ങളില്‍ നിന്നു പുറത്തു കടക്കില്ല.കത്തോലിക്കാ സഭകൾക്ക് ഇതിലും വല്കിയ ഒരു മുന്നറിയിപ്പ് നല്കാനില്ല..പ്രശസ്ത ബൈബിൾ പഢിതനും സീറോ മലബാർ സഭയുടെ വക്താവും ആയിരുന്ന ഫാ .ഡോ. പോൾ തേലക്കാട്ടാണ്‌ മേൽ വരികൾ എഴുതിയത്. ഓരോ കത്തോലിക്കനും , ക്രിസ്തീയ വിശ്വാസിയും കണ്ണു തുറന്ന് വായിക്കേണ്ട വരികൾ ആണ്‌ ഈ വൈദീകൻ ഹൃദയം തൊട്ട് എഴുതിയിരിക്കുന്നത്.ഇതു തന്നെയാണ്‌ സഭാ വിമർശകരും പറയുന്നതും തിരുത്താൻ ആവശ്യപ്പെടുന്നതും. ഫ.പോൾ ചില സംഭവങ്ങൾ ഉദാഹരിച്ച് സഭയിലെ തെറ്റു കുറ്റങ്ങൾക്കെതിരേ ആഞ്ഞടിക്കുന്നു

മണി മുഴങ്ങുന്നത്‌ ആര്‍ക്കുവേണ്ടി? എന്ന പേരില്‍ ഹൊസെ സരമാഗു എഴുതിയ ചെറുകഥ 400 വര്‍ഷങ്ങള്‍ക്കുമുമ്പു ഫ്‌ളോറന്‍സിലെ ഒരു ഗ്രാമത്തില്‍ നടന്നതായി പറയുന്ന കാര്യങ്ങളാണ്‌.അവിടെ പള്ളിമണി മുഴങ്ങിക്കൊണ്ടിരുന്നു. ഗ്രാമീണര്‍ ചോദിച്ചു: ആരാ മരിച്ചത്‌? അവരുടെ അറിവില്‍ ആരും മരിച്ചിട്ടില്ല. അതുകൊണ്ടു കാര്യമറിയാന്‍ ആളുകള്‍ പള്ളിയിലേക്കു ചെന്നു. പതിവിനു വിപരീതമായി ഒരാള്‍ മണിമാളികയില്‍നിന്ന്‌ ഇറങ്ങിവരുന്നു. അവര്‍ ചോദിച്ചു: താനെന്താ പള്ളിമണി അടിച്ചേ, ആരാ മരിച്ചത്‌? അയാള്‍ പറഞ്ഞു: ഞാനാണു മണി അടിച്ചത്‌. നിങ്ങളറിഞ്ഞില്ലേ, നീതി മരിച്ചുപോയി. അയാള്‍ നീതി മരിച്ച തന്റെ ജീവിതാനുഭവം വര്‍ണിക്കാന്‍ തുടങ്ങി. ആളുകള്‍ സാവധാനം തിരിച്ചു നടന്നു.

കമ്യൂണിസ്‌റ്റുകാരനായ സരമാഗു ഈ കഥയിലൂടെ പള്ളിമണിയുടെ മരണത്തെത്തന്നെയാണു സൂചിപ്പിക്കുന്നത്‌. നീതിയുടെ മണിനാദം നിശ്‌ചലമാകുന്ന പ്രതിസന്ധി ഗ്രാം ഗ്രീന്‍ എന്ന കത്തോലിക്കാ നോവലിസ്‌റ്റ്‌ 1982-ല്‍ എഴുതിയ കത്തോലിക്കാ വൈദികന്റെ കഥയാണ്‌ – മോണ്‍. ക്വിക്ക്‌സോട്ട്‌. സെര്‍വാന്റസിന്റെ ക്വിക്ക്‌സോട്ടിന്റെ രണ്ടാമൂഴം. അതില്‍ മോണ്‍സിഞ്ഞോര്‍ തന്റെ കൂട്ടുകാരനായ കമ്യൂണിസ്‌റ്റുകാരന്‍, പഴയ മേയറുമായി ഒന്നിച്ചിരുന്ന്‌ ആഹാരം കഴിക്കുകയാണ്‌. അവരുടെ പശ്‌ചാത്തലത്തില്‍ അരിവാളും ചുറ്റികയും വച്ചിരിക്കുന്നു. ആഹാരം കഴിക്കാനാണെങ്കിലും വൈദികന്‍ അതിന്റെ കീഴില്‍ ഇരിക്കുന്നതിലുള്ള പ്രതിഷേധമറിയിച്ചപ്പോള്‍ മേയര്‍ തിരുത്തിക്കൊണ്ടും സഭയും പാര്‍ട്ടിയും തമ്മിലുള്ള വലിയ ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടും പറഞ്ഞു: രണ്ടും അനീതിക്കെതിരായ പ്രതിഷേധവഴികള്‍. മോണ്‍സിഞ്ഞോര്‍ പറഞ്ഞു: എന്നാല്‍ അവയുടെ ഫലത്തില്‍ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഒന്ന്‌ ഭീകരാധിപത്യം സൃഷ്‌ടിച്ചപ്പോള്‍ മറ്റേതു പരോപകാരമാണ്‌ സൃഷ്‌ടിച്ചത്‌.

മേയര്‍ ചോദിച്ചു: പരോപകാരവും ഭീകരാധിപത്യവും! പക്ഷേ മതകുറ്റ വിചാരണയും നമ്മുടെ നാട്ടുകാരനായ തൊര്‍കെ്വമാദയെയും കുറിച്ച്‌ എന്തു പറയുന്നു?

സ്‌പാനീഷ്‌ മതകുറ്റവിചാരകന്റെ പേരായിരുന്നു തൊര്‍കെ്വമാദ.

നീതിയുടെയും സത്യനിഷ്‌ഠയുടെയും സഭാപാരമ്പര്യത്തില്‍ ഉണ്ടായ രണ്ടു വിമര്‍ശന സ്വരങ്ങളുടെ സാഹിത്യരൂപങ്ങളാണു ചൂണ്ടിക്കാണിച്ചത്‌. സഭകളില്‍ ഇങ്ങനയൊക്കെ സംഭവിക്കുന്നത്‌ എന്തുകൊണ്ട്‌ എന്നു സഭയില്‍ വിലാപവും വിമര്‍ശനവും ആത്മശോധനയും ഉണ്ടാകണം. പള്ളിയുടെ ഏറ്റവും പ്രധാനമായ കര്‍മ്മാനുഷ്‌ഠാനമായ കുര്‍ബാന ഏറ്റുപറച്ചിലിലൂടെ കൂട്ടായ്‌മയുടെ വിശുദ്ധമായ കമ്യൂണിയനും സാമൂഹികമായ കമ്യൂണിസവും ഉണ്ടാക്കുന്നതു സ്വാര്‍ത്ഥതയുടെ ആര്‍ത്തി കുമ്പസാരിച്ചു പരാര്‍ത്ഥതയിലേക്കു മാറുന്നതിലൂടെയാണ്‌. അതാണു സ്വത്ത്‌ വിറ്റു വിശക്കുന്നവര്‍ക്കു വിളമ്പുന്ന കൂട്ടായ്‌മകള്‍ ഉണ്ടാക്കുന്നത്‌; ഈ കുമ്പസാരം മറന്നാല്‍ സഭ അപകടത്തിലാകും. കമ്പോളസംസ്‌കാരത്തില്‍ പ്രതിസംസ്‌കരമാകേണ്ട സഭ അതു നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നു മാത്രമല്ല ചന്തയുടെ സംസ്‌കാരം പള്ളിയിലേക്കും അതിന്റെ മദ്‌ബഹയിലേക്കും കടന്നുകയറി വിശുദ്ധ വേദികളെ അശുദ്ധമാക്കുന്നു എന്ന ആശങ്ക എല്ലായിടത്തുമുണ്ട്‌.

പണ്ട്‌ സെര്‍വാന്റസ്‌ ക്വിക്‌സോട്ടില്‍ പറഞ്ഞതുപോലെ വേലികളില്ലാത്ത മോഹങ്ങള്‍ കഠിനമായ കാവലുകളെയും കര്‍ശനമായി കാക്കുന്ന ആവൃതികളെയും കടന്നുകയറി മനുഷ്യഹൃദയങ്ങളെ മലിനമാക്കുകയും ക്രിറ്റിലെ നിഗൂഢ നൂലാമാലകളിലും ആവൃത ധ്യാനവേദികളിലുംപ്പോലും ചാരിത്ര്യത്തിനു സംരക്ഷണമില്ലാതാകുന്നു.

ഈ വൈകൃത പൊട്ടിയൊലിക്കലുകളുടെ പിന്നില്‍ എന്താണു പ്രശ്‌നം? സെന്റ്‌ പോള്‍ തന്റെ സുഹൃത്തായ തിമോത്തിക്ക്‌ എഴുതിയ കത്തില്‍ പറയുന്നു: ധനമോഹമാണ്‌ എല്ലാ തിന്മകളുടെയും അടിസ്‌ഥാന കാരണം (1 തിമോ. 6:10). യേശുക്രിസ്‌തു പഞ്ഞത്‌ ആരും മറക്കുന്നില്ല. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌ (മത്തായി 19:24).

പണത്തിന്റെ കടന്നുകയറ്റം സഭകളെ ആത്മീയമായി തകര്‍ക്കുകയാണ്‌. സ്വകാര്യസ്വത്ത്‌ നിഷേധമായി കമ്യൂണിസത്തെ നിര്‍വചിച്ച മാര്‍ക്‌സിനെ വളരെ സ്വാധീനിച്ച ഹെഗേലിയന്‍ ചിന്തകനാണു മോസസ്‌ ഹെസ്‌. അദ്ദേഹത്തില്‍നിന്നു ധാരാളം മാര്‍ക്‌സ്‌ സ്വീകരിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്‌താവനയാണു താത്ത്വികലോകത്തില്‍ ദൈവം എന്താണോ അതാണു പ്രായോഗിക മണ്‌ഡലത്തില്‍ പണം. ദൈവമായി പീഠത്തില്‍ പ്രതിഷ്‌ഠിച്ച പണത്തെക്കുറിച്ചു മാര്‍ക്‌സിന്റെ വിലപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളുമുണ്ട്‌. പണത്തെ ദൈവമാക്കിയവരുടെ തലത്തില്‍ ഉണ്ടാകുന്ന അധികാരത്തിന്റെ ലഹരിയാണു വലിയ ഉതപ്പുകളായി സമൂഹത്തില്‍ പൊട്ടിത്തെറിക്കുന്നത്‌. 2013 സെപ്‌റ്റംബര്‍ 22-നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞു: ലോകം ഒരു വിഗ്രഹാരാധനയിലാണ്‌. പണമെന്ന ദൈവത്തിന്റെ ആരാധന. അദ്ദേഹം തുടര്‍ന്നു: ഇത്‌ ഇറ്റലിയുടെയോ യൂറോപ്പിന്റെയോ മാത്രം പ്രശ്‌നമല്ല. ഇതു ലോകത്തിന്റെ ഒരു തീരുമാനത്തിന്റെ പ്രതിസന്ധിയാണ്‌; സാമ്പത്തിക വ്യവസ്‌ഥിതിയുടെ കേന്ദ്രം ഒരു വിഗ്രഹമാണ്‌, ദൈവമെന്നു വിളിക്കുന്ന പണം. പണാധിപത്യം ചൂഷണാധിപത്യമാണ്‌.

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌