ചാക്കുകെട്ടെന്നാണ് ആദ്യം കരുതിയത്; വൈഗയുടെ മൃതദേഹം ആദ്യം കണ്ട ഗണേശന്‍ പറയുന്നു

കളമശേരി: വൈഗയുടെ മൃതദേഹം കളമശേരിയിൽ പുഴയിൽ കണ്ട ഞെട്ടലിലാണു ക്ഷീര കർഷകനായ ഗണേശൻ. മുട്ടാർ പുഴയോരത്തെ മരങ്ങളുടെ തണലിലാണു ഗണേശൻ പശുക്കളെ കെട്ടിയിടുന്നത്.

മാർച്ച് 22നു പശുക്കളിൽ ഒന്നിന് രോഗമായതിനാൽ പരിശോധനയ്ക്കു ഡോക്ടറുമായെത്തിയതായിരുന്നു ഗണേശൻ. ഉച്ചയ്ക്ക് 12നു പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ പുഴയിൽ എന്തോ കിടക്കുന്നതു കണ്ടു. ചാക്കുകെട്ടെന്നാണ് ആദ്യം കരുതിയത്. അടുത്തെത്തിയപ്പോഴാണു പെൺകുട്ടിയുടെ മൃതദേഹമെന്നു മനസ്സിലായത്.

ഉടൻ അവിടെയുണ്ടായിരുന്ന യുവാക്കളോടു വിവരം പറഞ്ഞു. അവർ വാർഡ് കൗൺസിലർ ജെസ്സി പീറ്ററെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചു പിന്നീടു വന്ന വാർത്തകൾ തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും ഗണേശൻ പറഞ്ഞു. നാമക്കലിൽ നിന്നു 12–ാം വയസ്സിൽ കളമശേരിയിൽ എത്തി ഇവിടെ സ്ഥിരതാമസക്കാരനായി മാറിയ ആളാണ് അൻപത്തൊൻപതുകാരനായ ഗണേശൻ.