മുടങ്ങിയ വിവാഹ നിശ്ചയം വീണ്ടും നടത്തി ഗൗരി കൃഷ്ണ, വരൻ സംവിധായകൻ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

ജനുവരി 23ന് നടത്താനിരുന്ന വിവാഹം നിശ്ചയം മുടങ്ങിപ്പോയിരുന്നു, ചെറുക്കനും കൂട്ടർക്കും കൊവിഡ് പോസിറ്റീവ് ആയതിനാലാണ് നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് വിവാഹ നിശ്ചയം നടത്താൻ സാധിക്കാതിരുന്നത്, ഇന്നാണ് താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

മുണ്ടും കുർത്തയുമായിരുന്നു വരൻ മനോജിന്റെ വേഷം. മഞ്ഞയും റോസും കലർന്ന പട്ട് സാരിയിൽ അതീവ സുന്ദരിയായി മുല്ലപ്പൂവും ആഭരണങ്ങളും അണിഞ്ഞാണ് ​ഗൗരി വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയത്. താരത്തിന്റെ ആഘോഷമായ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനും ആശംസകൾ നേരാനുമായി നടി ദേവി ചന്ദന, ധന്യ മേരി വർ​ഗീസ്, അങ്കിത വിനോദ്, മീര മുരളീധരൻ, രശ്മി.കെ.അനിൽ അടക്കമുള്ള സീരിയൽ രം​ഗത്തുള്ള നിരവധി താരങ്ങൾ എത്തിയിരുന്നു. കോട്ടയത്തെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്.

വിവാഹ നിശ്ചയത്തിന്റെ എല്ലാ വിശേഷങ്ങളും ഓരോ എപ്പിസോഡ് ആയി അറിയിക്കും എന്ന് ഗൗരി കൃഷ്ണ യുട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ എഴുന്നേറ്റത് മുതൽ മേക്കപ്പ് ചെയ്യാൻ പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ആദ്യത്തെ വീഡിയോയിൽ ഗൗരി കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവെച്ച് ജീവിക്കാൻ താല്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിവാഹശേഷവും അഭിനയം തുടരുമെന്നും ഇതിനെല്ലാം ഓക്കെ പറഞ്ഞത് കൊണ്ടാണ് മനോജിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും നേരത്തെ അഭിമുഖങ്ങളിൽ ​ഗൗരി വെളിപ്പെടുത്തിയിരുന്നു. എല്ലാം നാല് മാസത്തിനുള്ളിൽ തന്നെ നടന്നതാണെന്നും ​ഗൗരി പറഞ്ഞിരുന്നു.