പ്രണവിനെ ഇപ്പോഴും ഇഷ്ടമാണ്, ഞാൻ അദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്- ​ഗായത്രി

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. നിരന്തരം സൈബർ ആക്രമണം നേരിടുന്ന താരം കൂടിയാണ് ​ഗായത്രി സുരേഷ്.

ഒരു അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞതായിരുന്നു ഏറ്റവും വൈറലായ വീഡിയോ. ആ ഇഷ്ടം ഇപ്പോഴുമുണ്ടെന്നാണ് ഗായത്രി പറയുന്നത്. അഭിമുഖത്തിന് ഇടയിൽ നടി മാനസ ഗായത്രിയോട് ഒരു ചോദ്യം ചോദിച്ച് സ്‌ക്രീനിൽ എത്തുകയായിരുന്നു. ഒരു കാര്യം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു മാനസയുടെ ചോദ്യം. ‘ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറിൽ വച്ച് നടക്കുന്ന സമയത്ത്, ആരുടെ ഫോണിലും റെയ്ഞ്ച് ഇല്ല. ബി എസ് എൻ എൽ ഉള്ളവർക്ക് മാത്രം ഇയ്ക്ക് റെയ്ഞ്ച് വന്ന് പോകുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ ഗായത്രി ഇടയ്ക്കിടെ ഫോൺ എടുത്ത്, ഒന്ന് ഓണാക്കി അവിടെ വയ്ക്കും. റെയ്ഞ്ച് വന്നോ എന്ന് നോക്കുന്നതാണെന്നാണ് ഞാൻ ആദ്യം കരുതിയത്’

പക്ഷേ അല്ല, ശരിക്കും ഗായത്രി ഫോണിന്റെ വാൾ പേപ്പർ ഇടയ്ക്കിടെ നോക്കുകയായിരുന്നു. അന്ന് ഗായത്രിയുടെ വാൾ പേപ്പർ പ്രണവിനൊപ്പം ചേർത്തുവച്ച ഗായത്രിയുടെ ഫോട്ടോ ആയിരുന്നു. ഇപ്പോഴും ആ ഇഷ്ടം ഗായത്രിയ്ക്ക് പ്രണവിനോടുണ്ടോ? ഇപ്പോഴത്തെ ഫോൺ വാൾ പേപ്പർ എന്താണ്’ എന്നായിരുന്നു മാനസയുടെ ചോദ്യം. മാനസ അത് ചോദിയ്ക്കുമ്പോൾ ആകെ ചമ്മി ഇരിക്കുന്ന ഗായത്രിയെയും കാണാമായിരുന്നു.

ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയിൽ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ് എന്ന് ഗായത്രി സമ്മതിയ്ക്കുന്നു. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക് ആയിട്ടുള്ള ആളാണ് ഞാൻ. ഒരു അഭിമുഖത്തിൽ സെലിബ്രിറ്റി ക്രഷ് ആരാണ് എന്ന് ചോദിച്ചപ്പോൾ, പ്രണവ് മോഹൻലാലിനോടാണ് എന്ന് ഞാൻ പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഞാൻ പറഞ്ഞത്, ‘എന്റെ മനസ്സിൽ ഒറ്റയാളേയുള്ളൂ, അത് പ്രണവ് മോഹൻലാലാണ്’ എന്ന്. അത് വൈറലായി. പിന്നീടുള്ള അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദിച്ചപ്പോൾ, ആ ചോദ്യത്തെ തടയുക പോലും ചെയ്യാതെ ഞാൻ പറഞ്ഞുകൊണ്ടോയിരുന്നു. അതാണ് ആ ട്രോളും കൂടിയത്.