നെടുമ്പാശേരിയിൽ സ്വർണവേട്ട, കാർഗോ വഴിയുള്ള സ്വർണ കള്ളക്കടത്ത് പിടികൂടി കസ്റ്റംസ്

എറണാകുളം: കാർഗോ വഴി വീണ്ടും സ്വർണ കള്ളക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കൊറിയറുകളിൽ നിന്നായി 410 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇതിന് മുൻപും നെടുമ്പാശേരി വിമാനത്താവളത്തിൽ ഇത്തരത്തിൽ സ്വർണം കടത്താനുള്ള ശ്രമം നടന്നിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

റാസൽഖൈമയിൽ നിന്നും ഗുഡ് കെയർ കൊറിയർ ഏജൻസി വഴിയെത്തിയ കൊറിയറാണ് ആദ്യം കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിനിയായ ബുഷറയ്‌ക്ക് വേണ്ടിയാണ് കൊറിയറെത്തിയത്. ഫ്‌ളാസ്‌ക്, വസ്ത്രങ്ങൾ, മിൽക്ക് പൗഡർ തുടങ്ങിയവയുടെ മറവിൽ അലുമിനിയം ഫോയിൽ റോളിനകത്താണ് 200 ഗ്രാം സ്വർണം പൊടിരൂപത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്.

ദുബായിൽ നിന്നും അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനി സജിനയ്‌ക്കയച്ച കൊറിയറിലാണ് 210 ഗ്രാം സ്വർണം കണ്ടെത്തിയത്. ഷാലിമാർ കൊറിയർ ഏജൻസി വഴി എത്തിയതായിരുന്നു ഈ പാർസൽ. സജിനയുടെ പേരിലെത്തിയ കൊറിയറിൽ നിന്നും ഇതിന് മുമ്പും സ്വർണം പിടികൂടിയിരുന്നു.